കസബിനെ തൂക്കിലേറ്റാതെ മാമു പോയി

ന്യൂഡല്‍ഹി| WEBDUNIA|
PRO
മുംബൈ ഭീകരാക്രമണ കേസിലെ പ്രതി കസബിനെയും പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്സല്‍ ഗുരുവിനെയും സ്വന്തം കൈയാല്‍ തൂക്കിലേറ്റണമെന്ന ആഗ്രഹം ബാക്കിവച്ച് മാമു സിംഗ് എന്ന ആരാച്ചാര്‍ യാത്രയായി. യുപിയിലെ മീററ്റില്‍ വ്യാഴാഴ്ചയാണ് മാമു സിംഗ് (79) നിര്യാതനായത്.

ഉത്തരാഖണ്ഡ് മേഖലയിലെ ഏക ആരാച്ചാരായിരുന്നു മാമു കഴിഞ്ഞ വര്‍ഷമാണ് കസബിനെയും അഫ്സല്‍ ഗുരുവിനെയും തൂക്കിലേറ്റണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്. ആരാച്ചാര്‍ കുടുംബത്തില്‍ പിറന്ന മാമുവിന് നാല് മക്കള്‍ ഉണ്ടെങ്കിലും അവരില്‍ ആരും കുലത്തൊഴില്‍ പിന്തുടരുന്നില്ല.

ഇന്ത്യയെ ആക്രമിക്കാന്‍ തുനിഞ്ഞ ഭീകരരെ പരസ്യമായി തൂക്കിക്കൊന്നാല്‍ അത് മറ്റു ഭീകരര്‍ക്ക് ഒരു പാഠമാവുമെന്നായിരുന്നു മാമുവിന്റെ അഭിപ്രായം. അതിനുള്ള അവസരം തനിക്ക് ലഭിച്ചാല്‍ അതില്‍പ്പരം സന്തോഷമൊന്നുമില്ല എന്നും ഈ ആരാച്ചാര്‍ പറഞ്ഞിരുന്നു. വിവിധ ജയിലുകളിലായി 14 പേര്‍ മാമുവിന്റെ കൊലക്കയറിന് ഇരയായിട്ടുണ്ട്.

കടുത്ത ദേശപ്രേമം പ്രകടിപ്പിച്ച മാമുവിന്റെ മുത്തച്ഛന്‍ രാം രഖയാണ് സ്വാതന്ത്ര്യ സമര സേനാനി ഭഗത്‌സിംഗിനെ തൂക്കിലേറ്റിയത് എന്നത് വൈചിത്ര്യമായി തോന്നിയേക്കാം. മാമുവിന്റെ പിതാവ് കല്ലു സിംഗാണ് ഇന്ദിരാഗാന്ധിയുടെ ഘാതകരെ കൊലക്കയറില്‍ തൂക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :