മുംബൈ|
WEBDUNIA|
Last Modified തിങ്കള്‍, 21 ഫെബ്രുവരി 2011 (11:48 IST)
PRO
മുംബൈ ഭീകരാക്രമണ കേസില്‍ അജ്മല്‍ അമിര്‍ കസബിന്റെ വധശിക്ഷ ബോംബെ ഹൈക്കോടതി ശരിവച്ചു. ഹൈക്കോടതി വിധിക്കെതിരെ കസബിന് സുപ്രീംകോടതിയെ സമീപിക്കാം.
പ്രത്യേക വിചാരണ കോടതി കഴിഞ്ഞ മെയില്‍ ആണ് കസബ് കുറ്റക്കാരനെന്ന് വിധിച്ചത്. വിചാരണ കോടതി വിധിക്കെതിരെ കസബ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. വധശിക്ഷ ശരിവയ്ക്കണമെന്നും കസബിന്റെ കൂട്ടു പ്രതികളായ ഫാഹിം അന്‍സാരി, സബാബുദ്ദീന്‍ അഹമ്മദ് എന്നിവരെ വെറുതെ വിട്ടുകൊണ്ടുള്ള കീഴ്കോടതി വിധി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാരും ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.
കസബിന്റെ അപ്പീല്‍ തള്ളിയ കോടതി, വിചാരണ കോടതി വിധിച്ച വധശിക്ഷ ശരിവയ്ക്കുകയായിരുന്നു. അതേസമയം, കൂട്ടുപ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ വാദം കോടതി തള്ളി. കൂട്ടു പ്രതികള്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ സംശയാതീതമായി തെളിയിക്കാന്‍ സാധിച്ചില്ല എന്നാണ് ബോംബെ ഹൈക്കോടതിയുടെ രണ്ടംഗ ബഞ്ച് വ്യക്തമാക്കിയത്.
രാജ്യത്തിനെതിരെ യുദ്ധം ചെയ്യല്‍, കൂട്ടക്കൊല, ഗൂഡാലോചന എന്നിവയാണ് കസബിനെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍.