കസബിനെ ജീവനോടെ കാക്കാന്‍ 45 കോടി!

മുംബൈ| WEBDUNIA|
PTI
മുംബൈ ഭീകരാക്രമണത്തില്‍ ജീവനോടെ പിടിക്കപ്പെട്ട ഏക പ്രതി അജ്മല്‍ അമിര്‍ കസബിനെ ജീവനോടെ സൂക്ഷിക്കുന്നത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ചെലവേറിയ കാര്യമാണ്. പ്രത്യേക ജയിലിനും സുരക്ഷയ്ക്കും ആശുപത്രി ചെലവിനുമായി ഇതുവരെ 45 കോടി രൂപയാണ് ചെലവഴിച്ചിരിക്കുന്നത്.

കസബിന് നല്‍കാനായി ഒരു ദിവസം ഒമ്പത് ലക്ഷം രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ഇന്ത്യക്കെതിരെ ആക്രമണം നടത്തിയ ഒരു ഭീകരനു വേണ്ടി ഇത്രയധികം ചെലവഴിക്കുന്നത് രൂക്ഷ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട് എങ്കിലും ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക് തെളിയിക്കുന്നതിന് കസബിനെ ജീവനോടെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നാണ് അധികൃതരുടെ പക്ഷം.

കസബ് അറസ്റ്റിലായി ഒരാഴ്ചയ്ക്ക് ശേഷമാണ് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ നിന്ന് ആര്‍തര്‍ റോഡ് ജയിലിലേക്ക് മാറ്റിയത്. കസബിനെ പാര്‍പ്പിക്കാന്‍ വേണ്ട സുരക്ഷ ജയിലിന് ഇല്ല എന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ബോംബ് ആക്രമണത്തെ പോലും അതിജീവിക്കുന്ന തരത്തിലുള്ള പുതിയ ജയില്‍ മുറി നിര്‍മ്മിച്ചു.

കസബ് ഗുരുതരമായ രോഗങ്ങളുടെ പിടിയിലാണെന്നാണ് ജയില്‍ അധികൃതര്‍ നല്‍കുന്ന വിവരം. കസബിന്റെ ചികിത്സയ്ക്കായും സര്‍ക്കാര്‍ നല്ലൊരു തുക ചെലവിടുന്നുണ്ട്. മുംബൈ ജെജെ ആശുപത്രിയിലും കസബിനായി അതീവ സുരക്ഷാ സന്നാഹങ്ങളോടെ ഒരു ജയില്‍ മുറി തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍, കസബിനെ ഇതുവരെയായും ഇവിടെ എത്തിച്ചിട്ടില്ല. ഡോക്ടര്‍മാര്‍ ജയിലിലെത്തിയാണ് കസബിനെ പരിശോധിക്കുന്നത്. പോരാത്തതിന്, ജയിലില്‍ കസബിനെ പരിശോധിക്കാനായി സ്ഥിരമായി രണ്ട് ഡോക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :