കലാം: പ്രധാനമന്ത്രി അപലപിച്ചു

ന്യൂഡല്‍ഹി| WEBDUNIA| Last Modified ശനി, 25 ജൂലൈ 2009 (17:20 IST)
ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താ‍രാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് മുന്‍ രാഷ്ട്രപതി അബ്ദുള്‍ ജെ കലാമിനെ ദേഹപരിശോധനയ്ക്ക് വിധേയനാക്കിയ സംഭവത്തെ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് അപലപിച്ചു. കലാമിന് എല്ലാവിധ ബഹുമാനാദരങ്ങളും നല്‍കേണ്ടതായിരുന്നു എന്നും സിംഗ് പറഞ്ഞു.

ഇത്തരത്തില്‍ ഒരു സംഭവം നടക്കരുതായിരുന്നു. കലാം രാജ്യത്തെ ബഹുമാന്യനും ആദരണീയനുമായ ഒരു വ്യക്തിയാണ്. കലാമിനെ ദേഹ പരിശോധന നടത്തിയതിനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സിംഗ്.

മുന്‍ രാഷ്ട്രത്തലവന്‍‌മാരുടെ ബഹുമാന്യതയ്ക്ക് കോട്ടം തട്ടുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ അപലപനീയമാണ്. കലാമിന് ദേഹ പരിശോധന നേരിടേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് വ്യോമയാന മന്ത്രാലയം അന്വേഷിക്കുന്നുണ്ട് എന്നും പ്രധാനമന്ത്രി പറഞ്ഞു.

കലാമിനെ ദേഹപരിശോധനയ്ക്ക് വിധേയനാക്കിയതില്‍ കോണ്ടിനെന്റല്‍ എയര്‍ലൈന്‍സ് ഖേദം പ്രകടിപ്പിച്ചിരുന്നു. എയര്‍ലൈന്‍സ് അധികൃതര്‍ കഴിഞ്ഞ ദിവസം വ്യോമയാന സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

ഏപ്രില്‍ 21 ന് ന്യൂവാര്‍ക്കിലേക്ക് പോവാന്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് കലാമിനെ ദേഹ പരിശോധനയ്ക്ക് വിധേയമാക്കിയത്. മുന്‍ രാഷ്ട്രപതിമാരെ വിമാനത്താവളത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കേണ്ട എന്നിരിക്കെ, കലാമിന്റെ ഷൂസ് അഴിച്ചായിരുന്നു കോണ്ടിനെന്റല്‍ വിമാന കമ്പനി അധികൃതര്‍ പരിശോധന നടത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :