പ്രധാനമന്ത്രിയാവാനില്ലെന്ന് രാഹുല്‍

WEBDUNIA| Last Modified ചൊവ്വ, 24 ഫെബ്രുവരി 2009 (10:13 IST)
അഹമ്മദാബാദ്: അടുത്ത തെരഞ്ഞെടുപ്പില്‍ യു പി എ അധികാരത്തില്‍ തിരിച്ചുവരികയാണെങ്കില്‍ കോണ്‍ഗ്രസിന്‍റെ പ്രധാനമന്ത്രി സ്ഥാനാ‍ര്‍ത്ഥി താനായിരിക്കില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. സമീപഭാവിയിലൊന്നും അത്തരമൊരു സാധ്യത കാണുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ബനാസ്കന്ത ജില്ലയിലെ സനാലി ഗ്രാമത്തില്‍ ആദിവാസികളുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ഒരു ചോദ്യത്തിന് ഉത്തരമായാണ് ഇങ്ങനെ പ്രതികരിച്ചത്.

അടുത്ത തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഡോ മന്‍‌മോഹന്‍ സിംഗിനെ നേരത്തേ തന്നെ നിശ്ചയിച്ചിട്ടുണ്ട്. അതിനാല്‍ താന്‍ പ്രധാനമന്ത്രിയാവുമോയെന്ന പ്രശ്നം ഉദിക്കുന്നില്ല. 2014ലെങ്കിലും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവുമോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

വടക്കന്‍ ഗുജറാത്തിലെ അംബാജി ക്ഷേത്രം സന്ദര്‍ശിച്ചുകൊണ്ടാണ് രാഹുല്‍ തന്‍റെ രണ്ടാംദിന ഗുജറാത്ത് പര്യടനം തുടങ്ങിയത്. പിന്നീട് ഗാന്ധിനഗറില്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ ഒരു പൊതു പരിപാടിയിലും രാഹുല്‍ പങ്കെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :