സ്ലംഡോഗ് ടീമിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

ന്യൂഡല്‍ഹി| WEBDUNIA| Last Modified തിങ്കള്‍, 23 ഫെബ്രുവരി 2009 (12:30 IST)
എട്ട് ഓസ്കര്‍ അവാര്‍ഡുകള്‍ നേടിയ സ്ലംഡോഗ് മില്യണയറിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അഭിനന്ദിച്ചു. ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാന്‍ ഉള്‍പ്പടെയുള്ളവര്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തി എന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

റഹ്‌മാന് പുറമെ റസുല്‍ പൂക്കുട്ടി, ഗുല്‍സാര്‍ എന്നിവരേയും പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. പ്രധാനമന്ത്രിക്ക് പുറമേ ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയും സ്ലംഡോഗ് ടീമിന് അഭിനന്ദനം അറിയിച്ചു.

മികച്ച ചിത്രം, സംവിധായകന്‍, തിരക്കഥ(അഡാപ്റ്റഡ്), സംഗീത സംവിധാനം, പശ്ചാത്തല സംഗീതം, ശബ്ദമിശ്രണം, ഛായാഗ്രഹണം, എഡിറ്റിംഗ് എന്നീ പുരസ്കാരങ്ങളാണ് സ്ലംഡോഗ് മില്യണയര്‍ നേടിയത്. ഇന്ത്യയ്ക്ക് ഏറെ അഭിമാനിക്കാവുന്ന നേട്ടമാണ് സ്ലംഗോഗ് നേടിത്തന്നിരിക്കുന്നത്. മൂന്ന് ഓസ്കറുകളാണ് സ്ലംഡോഗിലൂടെ ഇന്ത്യക്കാര്‍ സ്വന്തമാക്കിയത്.

തെരുവില്‍ നിന്നുള്ള ഒരു ബാലന്‍ തന്‍റെ ജീവിതദുരിതങ്ങളില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് കോടീശ്വരനായി മാറുന്ന കഥയാണ് സ്ലംഡോഗ് മില്യണയര്‍ പറഞ്ഞത്. ദേവ് പട്ടേലായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. അനില്‍‌കപൂര്‍, ഇര്‍ഫാന്‍ ഖാന്‍, ഫ്രീദാ പിന്‍റോ തുടങ്ങിയവര്‍ മുഖ്യവേഷങ്ങളിലെത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :