കടല്‍ക്കൊല: നാവികര്‍ക്കെതിരേ സുവ നിയമം ഒഴിവാക്കും

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരേ സുവ നിയമം ഒഴിവാക്കും. ഇക്കാര്യം തിങ്കളാഴ്ച കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും. എന്‍ഐഎ അന്വേഷണം തുടരാന്‍ അനുവദിക്കണമെന്നും കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടും. നാവികര്‍ക്കെതിരേ വധശിക്ഷ ലഭിക്കാവുന്ന സുവ നിയമം ചുമത്തേണ്ടതില്ലെന്ന് കേന്ദ്ര നിയമമന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു. കേസ് പരിഗണിക്കവെ നാവികര്‍ക്കെതിരേ സുവ ചുമത്തുന്നത് തടയണമെന്ന് ഇറ്റലി സുപ്രീംകോടതിയില്‍ ആവശ്യം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിക്കുകയായിരുന്നു.

അതേസമയം ഭീകര വിരുദ്ധ നിയമമായ സുവ ചുമത്താതെ കടല്‍ക്കൊല കേസ് എന്‍ഐഎയ്ക്ക് അന്വേഷിക്കാന്‍ അനുവദിക്കണമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍ ആവശ്യപ്പെടും. സുവ നിയമമില്ലാതെ എന്‍ഐഎയ്ക്ക് കേസ് അന്വേഷിക്കാന്‍ കഴിയില്ല. ഭീകരവിരുദ്ധ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയ്ക്ക് ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരമുള്ള കുറ്റങ്ങള്‍ അന്വേഷിക്കാനാകില്ല. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302ാം വകുപ്പ് പ്രകാരം കൊലപാതകത്തിനും ബോട്ട് തകര്‍ത്തതിന് മറ്റ് വകുപ്പുകളുമാണ് നാവികര്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്.

നാവികര്‍ക്കെതിരെ സുവ ചുമത്തരുതെന്ന് ഇറ്റലി ഇന്ത്യയോട് ആവര്‍ത്തിച്ച് ആവശ്യപ്പെടുകയും അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദം ശക്തമാക്കുകയും ചെയ്തിരുന്നു. നേരത്തേ സുവ നിയമത്തിലെ വധശിക്ഷ ലഭിക്കുന്ന വകുപ്പ് ഒഴിവാക്കി നാവികരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ എന്‍ഐഎയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. നാവികര്‍ക്കെതിരെ സുവ ചുമത്തുന്നത് ഒഴിവാക്കണമെന്ന വിദേശകാര്യ മന്ത്രാലയത്തിന്റെയും നിയമ മന്ത്രാലയത്തിന്റെയും അഭിപ്രായത്തെ ഒടുവില്‍ ആഭ്യന്ത്ര മന്ത്രാലയം അംഗീകരിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :