ഇറ്റാലിയന്‍ നാവികര്‍ക്ക് വധശിക്ഷ നല്‍കരുത്; യൂറോപ്യന്‍ യൂണിയന്‍

ന്യൂഡല്‍ഹി| WEBDUNIA|
PTI
കടല്‍ക്കൊലക്കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് വധശിക്ഷ നല്‍കരുതെന്ന് യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവാത്ത രീതിയില്‍ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും യൂറോപ്യന്‍ യൂണിയന്‍ അഭിപ്രായപ്പെട്ടു.

കടല്‍ക്കൊല കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ സാല്‍വത്തോറ ജിറോണ്‍, മാസിമിലിയാനോ ലത്തോറ എന്നിവര്‍ക്ക് വധശിക്ഷ നല്‍കരുതെന്ന് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടു. നാവികര്‍ക്ക് വധശിക്ഷ നല്‍കിയാല്‍ സ്വതന്ത്ര വ്യാപാര കരാറില്‍നിന്ന് പിന്മാറുമെന്ന് യൂറോപ്യന്‍ യൂണീയന്‍ ഇന്ത്യയെ അറിയിച്ചിട്ടുണ്ട്.

ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ബന്ധം വഷളാകാത്ത രീതിയില്‍ പ്രശ്‌നം പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും യൂറോപ്യന്‍ യൂണിയന്‍ വക്താവ് പറഞ്ഞു. രാജ്യാന്ത നിയമങ്ങള്‍ അനുസരിച്ച് പ്രശ്‌നം പരിഹരിക്കണം. കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിയിലാണ് ഇപ്പോള്‍ ഉള്ളത്.

ഇവര്‍ക്ക് വധശിക്ഷ നല്‍കില്ലെന്ന് ഇന്ത്യ നേരത്തെ ഉറപ്പ് നല്‍കിയിരുന്നു. കടല്‍ക്കൊല കേസ് അന്വേഷിച്ച എന്‍ഐഎ സംഘം നാവികര്‍ക്ക് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങള്‍ വരെ ചുമത്തണമെന്ന നിലപാടിലാണ്. എന്നാല്‍ എന്‍ഐഎ നിലപാടിനോട് വിദേശകാര്യ മന്ത്രാലയത്തിന് യോജിപ്പില്ല. ഇതെ തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും തമ്മിലുള്ള ഭിന്നത പരിഹരിക്കാന്‍ ശ്രമം തുടരുകയാണ്.

ചോദ്യം ചെയ്യലിനായി നാവികരെ വിട്ട് കിട്ടണമെന്നുള്ള എന്‍ഐഎയുടെ ഹര്‍ജിയില്‍ പ്രത്യേക കോടതി ഈ മാസം 30ന് വാദം കേള്‍ക്കും. ഈ സാഹചര്യത്തിലാണ് ഇന്ത്യക്കെതിരെ യൂറോപ്യന്‍ യൂണിയന്‍ രംഗത്തെത്തിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :