ഗുര്‍ദാസ്പൂര്‍|
Last Updated:
വെള്ളി, 8 ജനുവരി 2016 (08:59 IST)
ഗുര്‍ദാസ്പൂര്‍ എസ് പി സല്‍വീന്ദര്‍ സിംഗിനെ വിശ്വസിക്കാന്‍ കഴിയുമോ? കഴിയില്ലെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പത്താന്‍കോട്ട് സൈനികതാവളം ആക്രമിക്കാനെത്തിയ ഭീകരര്‍ക്ക് എസ് പിയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് എന്‍ ഐ എ അന്വേഷിക്കുകയാണ്.
സര്‍വീസില്‍ അല്‍പ്പം പ്രശ്നക്കാരനാണ് ഈ എസ്‌പി. ഒരു ശിക്ഷാനടപടി ലഭിച്ച് ഒരാഴ്ച തികയും മുമ്പാണ് പത്താന്‍കോട്ടെത്തിയ ഭീകരര്‍ എസ് പിയുടെ വാഹനം ഉപയോഗിക്കുന്നത്. തന്നെ ഭീകരര്‍ തട്ടിക്കൊണ്ടുപോയതായി എസ് പി മൊഴി നല്‍കുകയും ചെയ്തു. എന്നാല്‍ എസ് പി എന്തിന് അതിര്‍ത്തിയില്‍ പോയി എന്ന കാര്യത്തില്‍ വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. ക്ഷേത്രദര്‍ശനം എന്ന എസ് പിയുടെ വാദം അന്വേഷണോദ്യോഗസ്ഥര്‍ അംഗീകരിച്ചിട്ടുമില്ല.
അതിനിടെയാണ് എസ് പിക്കെതിരെ ലൈംഗികാരോപണവുമായി ഗുര്‍ദാസ്പൂര്‍ സ്റ്റേഷനിലെ അഞ്ച് വനിതാ കോണ്‍സ്റ്റബിളുമാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഇവര്‍ തങ്ങളുടെ പരാതിയില്‍ ഉറച്ചുനിന്നതോടെ എസ് പിയുടെ നില പരുങ്ങലിലായിരിക്കുകയാണ്.
സല്‍വീന്ദര്‍ സിംഗിനൊപ്പം തട്ടിക്കൊണ്ടുപോകപ്പെട്ടു എന്ന് സല്‍വീന്ദര്‍ തന്നെ പറയുന്ന ജ്വല്ലറി ഉടമയായ സുഹൃത്തിന്‍റെയും സഹായിയുടെയും മൊഴി എന്‍ ഐ എ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മൊഴികളും പരസ്പരവിരുദ്ധമാണ് എന്നത് എസ് പിക്കെതിരെ കൂടുതല്‍ സംശയമുയരാന്‍ ഇടയാക്കിയിട്ടുണ്ട്.