ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം ജര്‍മന്‍ ചാന്‍സലര്‍ ആംഗേല മെര്‍ക്കലിന്

ന്യൂഡല്‍ഹി| WEBDUNIA|
PRO
ഇക്കൊല്ലത്തെ ഇന്ദിരാഗാന്ധി സമാധാന, നിരായുധീകരണ, വികസന പുരസ്‌കാരം ജര്‍മന്‍ ചാന്‍സലര്‍ ആംഗേല മെര്‍ക്കലിന്. 25 ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങിയതാണ് പുരസ്‌കാരം.

സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് യൂറോപ്പിനും ലോകത്തിനും നല്കിയ മികച്ച നേതൃത്വവും ജര്‍മനിയുടെ സാമ്പത്തികവളര്‍ച്ചയ്ക്ക് നല്കിയ സംഭാവനയും പരിഗണിച്ചാണ് മെര്‍ക്കലിന് പുരസ്‌കാരം നല്കുന്നതെന്ന് ഇന്ദിരാഗാന്ധി സ്മാരക ട്രസ്റ്റ് അറിയിച്ചു.

വിശ്വശാന്തിക്കും നിരായുധീകരണത്തിനും അവര്‍ കാട്ടിയ പ്രതിബദ്ധതയും ഇന്ത്യയും മറ്റ് വികസ്വര രാജ്യങ്ങളുമായി ഉത്പാദനപരവും പരസ്പര പ്രയോജനമുള്ളതുമായ ബന്ധം ശക്തിപ്പെടുത്തുന്നതിനും നല്കിയ നേതൃത്വവും മികച്ചതാണ്.

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തലവനായ വിധിനിര്‍ണയസമിതിയാണ് മെര്‍ക്കലിനെ തിരഞ്ഞെടുത്തത്. ജര്‍മനിയുടെ ചാന്‍സലറാകുന്ന ആദ്യ വനിതയാണ് മെര്‍ക്കല്‍. 2011-ല്‍ അവര്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :