ഇന്ത്യയുടെ പ്രഥമ ചൊവ്വാദൗത്യം മംഗള്‍യാന്‍ കൗണ്ട് ഡൗണ്‍ തുടങ്ങി
ചെന്നൈ|
WEBDUNIA|
PTI
PTI
ഇന്ത്യയുടെ പ്രഥമ ചൊവ്വാദൗത്യം മംഗള്‍യാന്റെ (മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍) കൗണ്ട് ഡൗണ്‍ തുടങ്ങി. 56മണിക്കൂറും 30 മിനുട്ടുമാണ് മംഗള്‍യാന്‍ വിക്ഷേപണത്തിന്റെ കൗണ്ട് ഡൗണ്‍ സമയം. പുലര്‍ച്ചെ 6.08 നാണ് കൗണ്ട് ഡൗണ്‍ തുടങ്ങിയത്.
ശ്രീഹരിക്കോട്ടയിലെ സതിഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും നവംബര്‍ അഞ്ചിന് രാവിലെ 2.38 നാണ് വിക്ഷേപണം. പ്രവര്‍ത്തനക്ഷമതയില്‍ കരുത്ത് തെളിയിച്ച പി.എസ്.എല്‍.വി സി-25 റോക്കറ്റിലാണ് വിക്ഷേപണം നടത്തുക.
കഴിഞ്ഞ ദിവസം നടത്തിയ വിക്ഷേപണ റിഹേഴ്‌സല്‍ പൂര്‍ണ വിജയമായിരുന്നതായി അധികൃതര്‍ പറഞ്ഞു. പോര്‍ട്ട് ബ്ലെയറിലെയും ബാംഗ്ലൂരിലെയും വെഹിക്കിള്‍ ട്രാക്കിങ് സെന്ററുകളില്‍ നിന്നായിരിക്കും റോക്കറ്റിന്റെ പ്രയാണം നിയന്ത്രിക്കുക. ദക്ഷിണ പസഫിക് സമുദ്രത്തിലെ എസ് സിഐ നളന്ദ, എസ്‌സിഐ യമുന എന്നീ രണ്ട് കപ്പലുകളില്‍ നിന്നും റോക്കറ്റിന്റെ പ്രയാണം നിയന്ത്രിക്കും.
വിക്ഷേപണത്തിനുശേഷം 20-25 ദിവസത്തോളം ഭൂമിയെ വലം വെച്ച ശേഷമായിരിക്കും ഒന്‍പത് മാസം നീണ്ട ചൊവ്വാ ദൗത്യം ആരംഭിക്കുക. അടുത്ത വര്‍ഷം സപ്തംബര്‍ 24ന് മംഗള്‍യാന്‍ പേടകം ചൊവ്വായുടെ സമീപമെത്തുമെന്നാണ് ശാസ്ത്രജ്ഞര്‍ അറിയിച്ചിരിക്കുന്നത്.
യുഎസ്, റഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ ബഹിരാകാശ ഏജന്‍സികള്‍ക്ക് പിന്നാലെയാണ് ഇന്ത്യയും ചൊവ്വാ ദൗത്യത്തിന് ഒരുങ്ങുന്നത്. 450 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതാണ് മംഗള്‍യാന്‍.