ഇന്ത്യയുടെ ആദ്യ പ്രതിരോധ ഉപഗ്രഹത്തെ ഭൂസ്ഥിര ഭ്രമണപഥത്തിലെത്തിച്ചു
ബാംഗ്ലൂര്‍|
WEBDUNIA|
PTI
PTI
ഇന്ത്യയുടെ ആദ്യ പ്രതിരോധ ഉപഗ്രഹം ജിസാറ്റ്-7 ഭൂമിയില്‍നിന്ന് 36,000 കിലോമീറ്റര്‍ അകലെയുള്ള ഭൂസ്ഥിര ഭ്രമണപഥത്തിലെത്തിച്ചു. ഭൂസ്ഥിര രേഖയുടെ 74 ഡിഗ്രി കിഴക്ക് ധ്രുവരേഖാംശത്തില് ഉപഗ്രഹത്തെ സ്ഥാപിക്കുക എന്നതാണ് ഐഎസ്ആര്‍ഒയുടെ അടുത്ത ദൗത്യം.
ജിസാറ്റ്-7 14ന് പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിച്ചുതുടങ്ങും. മാസാവസാനത്തോടെ ഉപഗ്രഹം നാവികസേനയ്ക്ക് ഏറ്റെടുക്കാന്‍ പാകത്തില്‍ പ്രവര്‍ത്തനക്ഷമമാകുമെന്നാണു പ്രതീക്ഷ. ഇതിന് നേതൃത്വം നല്‍കിയത് ഐഎസ്ആര്‍ഒയുടെ ഹാസന് മാസ്റ്റര്‍ കണ്ട്രോള് ഫെസിലിറ്റിയാണ്.
ഓഗസ്റ്റ് 30-നാണ് വാര്ത്താവിനിമയത്തിനും സമുദ്രാതിര്‍ത്തി നിരീക്ഷണത്തിനും തീരസംരക്ഷണത്തിനുള്ള രഹസ്യ വിവരശേഖരണത്തിനുമായി ജിസാറ്റ്-7 വിക്ഷേപിച്ചത്. ശത്രു രാജ്യങ്ങളുടെ കപ്പലുകള്‍, അന്തര്‍വാഹിനികള്‍ എന്നിവയുടെ സ്ഥാനങ്ങളെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ നാവികസേനയ്ക്ക് കൈമാറാന്‍ ജിസാറ്റ് ഏഴിന് കഴിയും.
സമുദ്രതീര സുരക്ഷ ശക്തമാക്കുന്നതിന് നാവികസേനയ്ക്കായി ഐഎസ്ആര്‍ഒ തദ്ദേശീയമായി വികസിപ്പിച്ച ഉപഗ്രഹമാണിത്. അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്, ചൈന എന്നിവര്‍ക്ക് പിന്നാലെ ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ രാജ്യമാണ് ഇന്ത്യ.
ഉപഗ്രഹത്തിന് മാത്രം 185 കോടി രൂപയാണ് ചിലവായത്. വിക്ഷേപണമടക്കം 470 കോടി രൂപയാണ് ഐഎസ്ആര്‍ഒയ്ക്ക് ഉപഗ്രഹത്തിനായി ചെലവായത്. ഉപഗ്രഹത്തിന് നാല് ബാന്‍ഡുകളില്‍ പേലോഡുകളുണ്ടാകും.
2,625 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന്റെ സോളാര്‍ നിര 2,900 വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഗ്രഹണസമയത്ത് 108 ആംപിയര്‍ ലിഥിയം അയോണ്‍ ബാറ്ററിയിലായിരിക്കും ഉപഗ്രഹം പ്രവര്‍ത്തിക്കുക. ജിയോസിംക്രോണസ് ഭ്രമണപഥത്തിലേക്കാണ് ഉപഗ്രഹം വിക്ഷേപിക്കുക.
നിലവില്‍ നാവികസേനയില്‍ സമുദ്രവുമായി ബന്ധപ്പെട്ട ആശയവിനിമയത്തിന് ഗ്ലോബല്‍ മൊബൈല്‍ സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍സ് സര്‍വീസായ ഇന്മാര്സാറ്റാണ് ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്. ഇത് ലൈന്‍ ഓഫ് സൈറ്റ്, അയണമണ്ഡലം എന്നീ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ജിസാറ്റ്-ഏഴിന് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഇല്ലെന്നാണ് ഐഎസ്ആര്‍ഒ അധികൃതര്‍ പറയുന്നത്.