ഇന്ത്യന്‍ സിനിമയുടെ ഇതിഹാസതാരം വിനോദ് ഖന്ന അന്തരിച്ചു

Vinod Khan, Akshay Khanna, Shahrukh Khan, Death, Kajol, Mohanlal, വിനോദ് ഖന്ന, അക്ഷയ് ഖന്ന, ഷാരുഖ് ഖാന്‍, മരണം, കജോള്‍, മോഹന്‍ലാല്‍
മുംബൈ| BIJU| Last Modified വ്യാഴം, 27 ഏപ്രില്‍ 2017 (12:38 IST)
ഇന്ത്യന്‍ സിനിമാലോകത്തെ ഇതിഹാസതാരം അന്തരിച്ചു. അര്‍ബുദരോഗബാധയെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 70 വയസായിരുന്നു.

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട, രോഗബാധിതനായ വിനോദ് ഖന്നയുടെ ചിത്രം ഏവരെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞു. അതിനുശേഷം ഇന്ത്യന്‍ സിനിമാലോകം വിനോദ് ഖന്നയുടെ തിരിച്ചുവരവിനായി പ്രാര്‍ത്ഥനയിലായിരുന്നു. എന്നാല്‍ ഏവരുടെയും പ്രാര്‍ത്ഥന വിഫലമാക്കിക്കൊണ്ട് വ്യാഴാഴ്ച വിനോദ് ഖന്ന മരണത്തിന് കീഴടങ്ങി.

വില്ലന്‍‌വേഷങ്ങളിലൂടെയാണ് ആദ്യം വിനോദ് ഖന്ന കൂടുതല്‍ ശോഭിച്ചത്. പിന്നീട് നായകനായി ബോളിവുഡില്‍ മിന്നിത്തിളങ്ങി. എഴുപതുകളിലും എണ്‍പതുകളിലും ഏറ്റവും താരമൂല്യമുള്ള നായകനായിരുന്നു വിനോദ് ഖന്ന. മന്‍‌മോഹന്‍ ദേശായിയുടെ കൊമേഴ്സ്യല്‍ സിനിമകളില്‍ അഭിനയിക്കുമ്പോള്‍ തന്നെ കലാമൂല്യമുഇള്ള മികച്ച സിനിമകളുടെ ഭാഗമായും വിനോദ് ഖന്ന എത്തി. തന്‍റേതായ മുദ്രസ്ഥാപിച്ച നടനായിരുന്നു അദ്ദേഹം.

അഭിനയിച്ച സിനിമകളിലെല്ലാം തന്നെ തന്‍റെ വേറിട്ട ശൈലി പ്രകടിപ്പിച്ചു. അമിതാഭ് ബച്ചനൊപ്പവും ധര്‍മ്മേന്ദ്രയ്ക്കൊപ്പവും അതിഗംഭീരമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇടക്കാലത്ത് രാഷ്ട്രീയത്തില്‍ രംഗപ്രേവേശം ചെയ്ത വിനോദ് ഖന്ന ഗുര്‍ദാസ്പുരില്‍ നിന്നുള്ള ബിജെപി എം‌പിയായിരുന്നു.

മരണവിവരമറിഞ്ഞ് ബോളിവുഡ് താരങ്ങളെല്ലാം ആശുപത്രിയിലെത്തി. ഷാരുഖ് ഖാന്‍ - കജോള്‍ ചിത്രമായ ദില്‍‌വാലേ ആണ് അവസാന സിനിമ.

നൂറിലധികം സിനിമകളില്‍ വിനോദ് ഖന്ന അഭിനയിച്ചിട്ടുണ്ട്. ഗീതാഞ്ജലിയാണ് വിനോദ് ഖന്നയുടെ ആദ്യഭാര്യ. പിന്നീട് അവരുമായി വിവാഹമോചനം നടന്ന ശേഷം കവിതയെ വിവാഹം കഴിച്ചു. അക്ഷയ് ഖന്ന, രാഹുല്‍, സാക്ഷി, ശ്രദ്ധ എന്നിവര്‍ മക്കളാണ്.

മേരേ അപ്‌നേ, മേരാ ഗാണ്‍ മേരാ ദേശ്, ഇം‌തിഹാന്‍, ഇം‌കാര്‍, അമര്‍ അക്ബര്‍ ആന്‍റണി, ലഹു കേ ദോ രംഗ്, ഖുര്‍ബാനി, ദയവാന്‍ തുടങ്ങിയ തകര്‍പ്പന്‍ ഹിറ്റുകളില്‍ വിനോദ് ഖന്ന ഭാഗമായി.

സീ സിനിമയുടെയും ഫിലിം ഫെയറിന്‍റെയും ലൈഫ് ടൈം അച്ചീവ്‌മെന്‍റ് പുരസ്കാരത്തിന് അര്‍ഹനായിട്ടുണ്ട്. 1982ല്‍ സിനിമാലോകത്തുനിന്ന് അവധിയെടുത്തുകൊണ്ട് ഓഷോയുടെ ആശ്രമത്തിലെ പ്രവര്‍ത്തകനായി. പിന്നീട് തിരിച്ചുവന്നപ്പോള്‍ വമ്പന്‍ ഹിറ്റുകള്‍ കൂട്ടിനെത്തി - ഇന്‍സാഫ്, സത്യമേവ ജയതേ.

ദബാംഗ്, ദബാംഗ് 2, പ്ലെയേഴ്സ് തുടങ്ങിയ സമീപകാല ഹിറ്റുകളിലും വിനോദ് ഖന്നയുടെ സാന്നിധ്യമുണ്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :