ന്യൂഡല്‍ഹി|
JOYS JOY|
Last Modified വ്യാഴം, 14 മെയ് 2015 (14:09 IST)
റിക്‌ടര്‍ സ്കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂകമ്പം നേപ്പാളിനെ തകര്‍ത്തെറിഞ്ഞപ്പോള്‍ സഹായഹസ്തവുമായി ആദ്യം എത്തിയത്
ഇന്ത്യ ആയിരുന്നു. എന്നാല്‍, കഴിഞ്ഞദിവസം രണ്ടാമതായി ഉണ്ടായ ഭൂചലനത്തിനു ശേഷം വളരെ കരുതലോടെയാണ് ഇന്ത്യ സഹായിക്കാന്‍ തയ്യാറെടുക്കുന്നത്.
ആദ്യത്തെ ഭൂചലനത്തിനു ശേഷം ഇന്ത്യ അടക്കം നിരവധി രാജ്യങ്ങള്‍ നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിരുന്നു. എന്നാല്‍, രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ച് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ നേപ്പാള്‍ വിട്ടു പോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. പബ്ലിസിറ്റിക്കു വേണ്ടിയാണ് ഇന്ത്യ നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യ ഇത്തവണ വ്യത്യസ്തമായ നിലപാട് സ്വീകരിച്ചിരിക്കുന്നത്.
രണ്ടാമത്തെ ഭൂകമ്പത്തിനു ശേഷം നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാളയുമായി സംഭാഷണം നടത്തിയ നരേന്ദ്ര മോഡി, ഭൂകമ്പത്തെ തുടര്‍ന്നുള്ള സ്ഥിതിഗതി സംബന്ധിച്ച് സംസാരിക്കുക മാത്രമാണ് ചെയ്തതെന്ന് ട്വീറ്റ് ചെയ്തു.
ഏപ്രില്‍ 25ന് നരേന്ദ്ര മോഡി ട്വീറ്റ് ചെയ്തതില്‍ നിന്ന് വ്യത്യസ്തമായിരുന്നു ഇത്തവണത്തേത്. നേപ്പാള്‍ പ്രധാനമന്ത്രിയുമായി സംസാരിച്ചെന്നും എല്ലാവിധ സഹായവും പിന്തുണയും അറിയിച്ചെന്നുമായിരുന്നു ഏപ്രില്‍ 25ലെ ഭൂകമ്പത്തിനു ശേഷം മോഡി ട്വീറ്റ് ചെയ്തത്. ആദ്യഭൂകമ്പത്തിനു ശേഷം,രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസപ്രവര്‍ത്തനവുമായി സ്തുത്യര്‍ഹ സേവനമായിരുന്നു
ഇന്ത്യന്‍ സൈന്യം നേപ്പാളില്‍ കാഴ്ച വെച്ചത്.