ആരുഷിയുടെ മാതാപിതാക്കളെ പ്രതികളാക്കി

ഗാസിയാബാദ്| WEBDUNIA|
PRO
ആരുഷി കേസില്‍ ശ്രദ്ധേയമായ വഴിത്തിരിവ്. 2008 - ല്‍ നടന്ന ഇരട്ടക്കൊലപാതക കേസില്‍ ആരുഷിയുടെ പിതാവ് ഡോ. രാജേഷ് തല്‍‌വാറിനെയും മാതാവ് നൂപുര്‍ തല്‍‌വാറിനെയും പ്രതിചേര്‍ക്കാന്‍ ഗാസിയാബാദ് കോടതി ബുധനാഴ്ച ഉത്തരവിട്ടു. കേസില്‍ 28 ന് വിചാരണ ആരംഭിക്കുമ്പോള്‍ ഇരുവരും ഹാജരാവാനും ആവശ്യപ്പെട്ടിട്ടുണ്ട്.

തെളിവുകളുടെ അഭാവത്തില്‍ കേസന്വേഷണം അവസാനിപ്പിക്കാന്‍ അനുവദിക്കണം എന്ന സിബിഐ ഹര്‍ജിയില്‍ വിധി പറയുമ്പോഴാണ് കോടതി വളരെ പ്രാധാന്യമര്‍ഹിക്കുന്ന നിര്‍ദ്ദേശം നല്‍കിയത്.

2008 മെയ് 15 ന് ആണ് നോയ്ഡയിലെ വീട്ടില്‍ ആരുഷിയെയും വീട്ടുജോലിക്കാരന്‍ ഹേം‌രാജിനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പൊലീസ് അന്വേഷണത്തില്‍ അപാകതകളുണ്ടെന്ന പരാതിയെ തുടര്‍ന്ന് സിബിഐ കേസ് ഏറ്റെടുത്തു. എന്നാല്‍, മതിയായ തെളിവുകള്‍ ലഭിക്കാ‍ത്തതിനാല്‍ അന്വേഷണം വഴിമുട്ടി. ഇതെ തുടര്‍ന്ന് അന്വേഷണം അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.

കേസില്‍ തെളിവുകള്‍ നശിപ്പിക്കപ്പെട്ടിരിക്കുന്നു എന്നും ഇരട്ടക്കൊലപാതകം നടന്ന സമയത്ത് ആരുഷിയുടെ മാതാപിതാക്കള്‍ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ എന്നും മൂന്നാമതൊരാള്‍ കേസില്‍ ഉള്‍പ്പെടാന്‍ സാധ്യതയില്ല എന്നും സിബിഐ കോടതിയെ ധരിപ്പിച്ചിരുന്നു. എന്നാല്‍, തെളിവുകളുടെ അഭാവത്തില്‍ രാജേഷ് തല്‍‌വാറിനെതിരെ കേസെടുക്കാനാവില്ല എന്നും സിബിഐ വ്യക്തമാക്കിയിരുന്നു. കേസില്‍ ആരുഷിയുടെ പിതാവ് രാജേഷ് തല്‍‌വാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കൊലപാതകം, കുറ്റകരമായ ഗൂഡാലോചന, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് രാജേഷ് തല്‍‌വാറിനും നൂപുര്‍ തല്‍‌വാറിനും മേല്‍ ചുമത്തുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :