കൊല്ലപ്പെട്ട ആരുഷിയുടെ പിതാവ് ഡോ. രാജേഷ് തല്‍വാറിന് ഗാസിയബാദ് കോടതി പരിസരത്ത് വച്ച് കുത്തേറ്റു. ഉല്‍സവ് ശര്‍മ്മ എന്ന യുവാവാണ് തല്‍വാറിനെ ആക്രമിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
തല്‍വാറിനെ കുത്തിയ യുവാവിനെ കോടതി പരിസരത്ത് നിന്ന ആളുകള്‍ പിടികൂടി മര്‍ദ്ദിച്ച ശേഷമാണ് പൊലീസിനു കൈമാറിയത്.
ആരുഷി - ഹേംരാജ് വധ കേസില്‍ വീണ്ടും അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കാനെത്തിയതായിരുന്നു രാജേഷ് തല്‍വാര്‍ (54). കോടതിയില്‍ നിന്ന് വെളിയിലെത്തിയ രാജേഷ് തല്‍വാര്‍ ഒരു കടയുടെ പരിസരത്ത് നില്‍ക്കുമ്പോഴാണ് ആക്രമണത്തിനിരയായത്. കുത്തേറ്റ് രക്തമൊലിപ്പിച്ച് നിന്ന തല്‍വാറിനെ പൊലീസാണ് ആശുപത്രിയില്‍ എത്തിച്ചത്. തല്‍വാറിന്റെ നില ഗുരുതരമല്ല.
ആക്രമണം നടത്തിയ ഉല്‍സവ് ശര്‍മ്മ രണ്ട് ദിവസം മുമ്പാണ് ഡല്‍ഹിയില്‍ നിന്ന് ഗാസിയാബാദിലെത്തിയത്. രുചിക ഗിര്‍ഹോത്ര കൊലപാതക കേസിലെ പ്രതി ഹരിയാന മുന്‍ ഡിജിപി എസ്പിഎസ് രാത്തോഡിനെ കോടതി പരിസരത്ത് വച്ച് കുത്തി പരുക്കേല്‍പ്പിച്ചതും ഇയാളാണെന്ന് സംശയിക്കുന്നു.
2008 -മെയ് 16 ന് ആണ് പതിനാലുകാരിയായ ആരുഷിയും വീട്ടുജോലിക്കാരന്‍ ഹേംരാജും കൊല്ലപ്പെട്ടത്. ഇതു സംബന്ധിച്ച അന്വേഷണം അവസാനിപ്പിച്ചുകൊണ്ട് സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.