ആകാശ അതിര്‍ത്തിയും ലംഘിച്ചു; ചൈന പിന്‍‌മാറണമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
ലഡാക്കില്‍ ദൗലത്‌ ബെഗ് പ്രദേശത്ത് ചൈനീസ് സൈന്യം നുഴഞ്ഞുകയറ്റം നടത്തിയ സംഭവത്തിനിടെ വ്യോമാതിര്‍ത്തിയും ലംഘിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് ചൈനീസ് ഹെലികോപ്ടറുകള്‍ പറന്നു എന്നാണ് വിവരം. ചൈനീസ് സൈന്യം കടന്നുകയറിയ ദൗലത്‌ ബെഗ്‌ ഓള്‍ഡി പ്രദേശത്താണ്‌ ചൈന വ്യോമാതിര്‍ത്തി ലംഘിച്ചത്‌. സമാനമായ സംഭവം മാര്‍ച്ചിലും ഉണ്ടായി എന്നാണ് വിവരങ്ങള്‍. എന്നാല്‍ ചൈന ഇക്കാര്യം നിഷേധിച്ചു.

അതേസമയം ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍‌ട്രോളില്‍(എല്‍‌എ‌സി) ചൈന പൂര്‍വ്വസ്ഥിതി പാലിക്കണമെന്ന് ആവശ്യപ്പെട്ടു. ഇന്ത്യയും ചൈനയും തമ്മിലുള്ള രണ്ടാമത്തെ ഫ്ലാഗ് മീറ്റില്‍ പ്രതീക്ഷയുണ്ടെന്ന് വിദേശകാര്യ വക്‌താവ്‌ സെയ്‌ദ് അക്‌ബറുദീന്‍ മാധ്യമങ്ങളെ അറിയിച്ചു. ആദ്യത്തെ ഫ്ലാഗ് മീറ്റില്‍ നിരാശയായിരുന്നു ഫലം. മുമ്പ് ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടായപ്പോള്‍ സമാധാനപരമായി പരിഹരിച്ചത് പോലെ ഇത്തവണയും പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്നാണ്‌ ഇന്ത്യയുടെ പ്രതീക്ഷ.

ലഡാക്കിലെ ദൗലത്ത് ബെഗില്‍ ഇന്ത്യന്‍ പ്രദേശത്ത് 10 കിലോമീറ്ററോളം ഉള്ളിലേക്കാണ് ചൈനീസ് സൈന്യം കടന്നുകയറിയത്. ഏപ്രില്‍ 15ന് രാത്രിയാണ് സംഭവം. അതീവ ജാഗ്രതയോടെയാണ് ഇന്ത്യ ഇതിനെ നോക്കിക്കാണുന്നത്. നുഴഞ്ഞുകയറ്റം നടന്ന പ്രദേശത്തേക്ക് മുന്‍‌കരുതല്‍ എന്ന നിലയില്‍, മലമുകളില്‍ യുദ്ധം ചെയ്യാന്‍ പരിശീലിച്ച സൈനിക സംഘത്തെ ഇന്ത്യ അയക്കുന്നുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :