ഇറ്റലി തടഞ്ഞാലും നാവികര്‍ വരുമായിരുന്നു!

നേപ്പിള്‍സ്| WEBDUNIA|
PTI
കടല്‍ക്കൊല കേസിലെ കുറ്റവാളികളായ നാവികര്‍ മാസ്സിമിലിയാനൊ ലാത്തോറും സാല്‍തോര്‍ ജിറോണും ഇന്ത്യയോട് അങ്ങേയറ്റം കൂറുള്ളവരാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ കഴിയുമോ? ഇന്ത്യന്‍ നിയമവ്യവസ്ഥയ്ക്ക് വിധേയമായി ജീവിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടെന്ന് കരുതാനാകുമോ? എന്നാല്‍ അങ്ങനെ കരുതേണ്ടിവരുമെന്ന് ഇറ്റാലിയന്‍ പ്രതിരോധമന്ത്രി തന്നെയാണ് പറയുന്നത്. ഇറ്റാലിയന്‍ നാവികര്‍ ഇന്ത്യയിലേക്ക് മടങ്ങേണ്ടതില്ല എന്നത് ഇറ്റലിയുടെ തീരുമാനം മാത്രമായിരുന്നു എന്നും നാവികര്‍ ഇന്ത്യയിലേക്ക് മടങ്ങാല്‍ ഒരുക്കമായിരുന്നു എന്നുമാണ് ഇറ്റാലിയന്‍ പ്രതിരോധമന്ത്രി ജിയാം പൗലോ ഡി പൗലോ പറയുന്നത്.

“നാവികര്‍ ഇറ്റലിയുടെ ഉത്തരവ് അനുസരിക്കുകയായിരുന്നില്ല. തങ്ങളുടെ ഉത്തരവാദിത്തവും ചുമതലയും കണക്കിലെടുത്ത് ഇന്ത്യയിലേക്ക് മടങ്ങാന്‍ സ്വയം തീരുമാനത്തിലെത്തുകയായിരുന്നു” - പൗലോ വെളിപ്പെടുത്തുന്നു.

വോട്ട് രേഖപ്പെടുത്തിയ ശേഷം മടങ്ങാന്‍ തന്നെയായിരുന്നു ഇറ്റാലിയന്‍ നാവികരുടെ തീരുമാനമെന്നാണ് പ്രതിരോധമന്ത്രിയുടെ വാക്കുകളില്‍ നിന്ന് മനസിലാകുന്നത്. എന്നാല്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ ഇത് ഇറ്റലിയുടെ അഭിമാനപ്രശ്നമായി കണ്ട് നാവികരെ തടയുകയായിരുന്നു എന്നുവേണം അനുമാനിക്കാന്‍. ഒടുവില്‍ സമ്മര്‍ദ്ദം ശക്തമാക്കിയപ്പോള്‍ മറ്റ് നിവൃത്തിയില്ലാതെ ഇറ്റലി നാവികരെ പോകാന്‍ അനുവദിച്ചു. ഇറ്റലി അനുവദിച്ചിരുന്നില്ലെങ്കിലും ഒരു പക്ഷേ നാവികര്‍ ഇന്ത്യയിലേക്ക് സമയത്തുതന്നെ മടങ്ങിയെത്തുമായിരുന്നു എന്നുവേണം കരുതാന്‍.

അഞ്ചു മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് നാവികര്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ സന്നദ്ധരായത് എന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും ഇറ്റാലിയന്‍ പ്രതിരോധമന്ത്രി പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :