അജയ് മാക്കന് 10കോടി വര്‍ദ്ധിച്ചു; കെജ്‌രിവാളിന്റെ സ്വത്ത് കുറഞ്ഞു

ന്യൂഡല്‍ഹി| Joys Joy| Last Modified വ്യാഴം, 22 ജനുവരി 2015 (10:29 IST)
ഡല്‍ഹിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികള്‍ മൂന്നുപേരും കോടിപതികള്‍ . എന്നാല്‍ 16 കോടി രൂപയുടെ സമ്പാദ്യവുമായി കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അജയ് മാക്കന്‍ ആണ് ഒന്നാംസ്ഥാനത്ത്. തൊട്ടുപിന്നില്‍ 11.65 കോടി രൂപയുടെ സമ്പാദ്യവുമായി ബി ജെ പിയുടെ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥി കിരണ്‍ ബേദിയാണ്. അരവിന്ദ് കെജ്‌രിവാളിന്റെ സമ്പാദ്യം 2.09 കോടിയാണ്.

കഴിഞ്ഞ ഏപ്രിലില്‍ നടന്ന ലോക്സഭ തെരഞ്ഞെടുപ്പ് കാലത്തുള്ള സമ്പാദ്യത്തെക്കാള്‍ അജയ് മാക്കന്റെ സമ്പാദ്യം വര്‍ദ്ധിച്ചിട്ടുണ്ട്. 6.1 കോടി 16 കോടിയായാണ് വര്‍ദ്ധിച്ചിരിക്കുന്നത്.
നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്‌മൂലത്തിലാണ് സ്ഥാനാര്‍ത്ഥികള്‍ സ്വത്തുവിവരം വെളിപ്പെടുത്തിയിരിക്കുന്നത്. പിതാവിന്റെ മരണത്തിനുശേഷം കുടുംബത്തിലെ സ്വത്തു ലഭിച്ചതാണ് സമ്പത്തില്‍ ഇത്രയധികം വര്‍ദ്ധന ഉണ്ടാകാന്‍ കാരണമായതെന്ന് അജയ് മാക്കന്‍ പറഞ്ഞു.

കിരണ്‍ ബേദിക്ക് ദ്വാരക, ഉദയ് പാര്‍ക് എന്നിവിടങ്ങളിലും ഉത്തര്‍ പ്രദേശിലെ ഗൌതം ബുദ്ധ് നഗറിലും ഫ്ലാറ്റുകളുണ്ട്. ഇതിന്റെ മൂല്യം ആറുകോടി രൂപ വരും. 2.1 കോടി രൂപയുടെ സ്ഥിരനിക്ഷേപം ഉണ്ട്. നാല് അക്കൌണ്ടുകളിലായി 25.4 ലക്ഷത്തിന്റെ നിക്ഷേപവുമുണ്ട്.

അജയ് മാക്കന് ഹരിയാനയിലും ഡല്‍ഹിയിലുമായി 11.4 കോടിയുടെ സ്വത്തുക്കളുണ്ട്. കഴിഞ്ഞവര്‍ഷം ഇത് 2.2 കോടി രൂപയായിരുന്നു.

അരവിന്ദ് കെജ്‌രിവാളിന് ഇന്ദിരാപുരം, ഹരിയാനയിലെ ശിവാനി, ഗുഡ്‌ഗാവ് എന്നിവിടങ്ങളിലായി 1.9 കോടി രൂപ വിലമതിക്കുന്ന ഫ്ലാറ്റുകളുണ്ട്. ഭാര്യയ്ക്ക് 41 ലക്ഷത്തിന്റെ സാമ്പത്തിക ബാധ്യതയുണ്ട്. ഇതില്‍ 30 ലക്ഷം ഭവനവായ്പയും 11 ലക്ഷം ബന്ധുക്കളില്‍ നിന്നുള്ള വായ്പയുമാണ്.

അതേസമയം, തനിക്കെതിരെ 10 കേസുകള്‍ നിലവില്‍ ഉണ്ടെന്ന് അരവിന്ദ് കെജ്‌രിവാള്‍ സത്യവാങ്‌മൂലത്തില്‍ വ്യക്തമാക്കി. എന്നാല്‍ ഓക്‌ലയില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആസിഫ് മൊഹമ്മദ് ഖാന്‍ ആണ് കേസുകളില്‍ മുന്നില്‍ . ഇയാള്‍ക്കെതിരെ 12 കേസുകള്‍ ആണ് നിലവില്‍ ഉള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :