ഹൈദരാബാദ്|
Last Modified ശനി, 22 ഒക്‌ടോബര്‍ 2016 (18:57 IST)
രാജ്യത്ത് മുത്തലാഖ് നിര്‍ത്തലാക്കാന്‍ സമയമായെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ജനാധിപത്യവിരുദ്ധമായ ഇതിനെതിരെ സമൂഹത്തില്‍ അഭിപ്രായം ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ഇപ്പോള്‍ അത് റദ്ദാക്കുന്നതിനുള്ള സമയം അതിക്രമിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഹൈദരാബാദ് ഇന്‍സ്റ്റിട്യൂട് ഓഫ് ചാര്‍ട്ടേഡ് അക്കൌണ്ട് ഓഫ് ഇന്ത്യ സംഘടിപ്പിച്ച സംസാരിക്കുമ്പോള്‍ ആയിരുന്നു കേന്ദ്രമന്ത്രിയുടെ ഈ പരാമര്‍ശങ്ങള്‍.
മുത്തലാഖ് ഭരണഘടനാവിരുദ്ധവും സാംസ്കാരികവിരുദ്ധവുമാണ്. രാജ്യത്ത് ഇത് നിര്‍ത്തലാക്കാന്‍ സമയമായി. നീതിയുടെയും ന്യായത്തിന്റെയും വെളിച്ചം എല്ലാവര്‍ക്കും അന്തസ്സും സമത്വവും നല്കുന്നതാകണം. ജനാധിപത്യവിരുദ്ധമായ ഇതിനെതിരെ സമൂഹത്തില്‍ അഭിപ്രായം ഉയര്‍ന്ന് കൊണ്ടിരിക്കുന്നുണ്ട്.
മുസ്ലിം സ്ത്രീകള്‍ മുത്തലാഖിന് എതിരാണ്. അവര്‍ക്ക് ലിംഗനീതി ഉറപ്പാക്കണം. ഭരണഘടനയ്ക്ക് മുന്നില്‍ എല്ലാവരും തുല്യരാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതിയുടെ പരിഗണനയിലാണ് മുത്തലാഖ് വിഷയം. വിഷയത്തില്‍ എന്തെങ്കിലും ആശങ്കകള്‍ ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.