പരസ്പര ബഹുമാനത്തോടെയല്ല ഞങ്ങള്‍ പിരിഞ്ഞത്; സംസ്കാര ശൂന്യമായ പോരുകളും തര്‍ക്കങ്ങളും നിറഞ്ഞതായിരുന്നു വിവാഹമോചന നടപടികള്‍; പിരിഞ്ഞതില്‍ ആശ്വാസമെന്ന് ലിസി

പിരിഞ്ഞതില്‍ ആശ്വാസമെന്ന് ലിസി

ചെന്നൈ| Last Modified വെള്ളി, 16 സെപ്‌റ്റംബര്‍ 2016 (14:49 IST)
തങ്ങളുടെ വിവാഹമോചനം സമീപകാലത്ത്
ഉണ്ടായ വിവാഹമോചനങ്ങള്‍ പോലെ ഒന്നായിരുന്നില്ലെന്ന് ലിസി. ചെന്നൈ കുടുംബ കോടതിയില്‍ വിവാഹമോചനം ധാരണയില്‍ എത്തിയതിനു ശേഷം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ലിസി ഇക്കാര്യം വ്യക്തമാക്കിയത്. കോടതിക്ക് അകത്തും പുറത്തും സംസ്‌കാരശൂന്യമായ പോരുകളും തര്‍ക്കങ്ങളും നിറഞ്ഞതായിരുന്നു വിവാഹമോചന നടപടികള്‍. വിവാഹമോചനം ഇത്രത്തോളം വൃത്തികെട്ട നിലയിലായിരുന്നെങ്കില്‍ തങ്ങളുടെ ദാമ്പത്യം എത്രത്തോളം ദുഷ്‌കരമായിരുന്നുവെന്ന് മനസിലാക്കാവുന്നതേ ഉള്ളൂവെന്നും വാര്‍ത്താക്കുറിപ്പില്‍ ലിസി പറയുന്നു.

“പ്രിയദര്‍ശനുമായി വിവാഹബന്ധം ഇന്ന് അവസാനിച്ചിരിക്കുന്നു. ചെന്നൈ കുടുംബകോടതിയില്‍ വിവാഹമോചനത്തിനുള്ള അന്തിമ ധാരണയില്‍ ഇരുവരും ഒപ്പുവച്ചു. സമീപകാലത്ത് ചലച്ചിത്രമേഖലയില്‍ ഉണ്ടായ വിവാഹമോചനങ്ങള്‍ പോലെ ഒന്നായിരുന്നില്ല ഞങ്ങളുടേത്. ഹൃതികും സൂസെന്‍ ഖാനും, ദിലീപും മഞ്ജുവും ഏറ്റവുമൊടുവില്‍ എ എല്‍ വിജയും അമലാ പോളും പരസ്പര ധാരണയോടെ വേര്‍പിരിയുകയാണ് ചെയ്തത്. പരിഹരിക്കാനാകാത്ത ഭിന്നതകള്‍ക്കിടയിലും വേദന നിറഞ്ഞതായിരുന്നു ആ ദമ്പതികളുടെ വേര്‍പിരിയല്‍. പലതരം അഭിപ്രായ ഭിന്നതകള്‍ക്കിടയിലും അവരെല്ലാം പരസ്പര ബഹുമാനത്തോടെയാണ് വിവാഹമോചിതരായത്. അതുപോലെയല്ല ഞങ്ങളുടേത്. കോടതിക്ക് അകത്തും പുറത്തും സംസ്‌കാര ശൂന്യമായ പോരുകളും തര്‍ക്കങ്ങളും നിറഞ്ഞതായിരുന്നു വിവാഹമോചന നടപടികള്‍. വിവാഹ മോചനം ഇത്രത്തോളം വൃത്തികെട്ട നിലയിലാണെങ്കില്‍ ഞങ്ങളുടെ ദാമ്പത്യം എത്രത്തോളം ദുഷ്‌കരമായിരുന്നുവെന്ന് മനസിലാക്കാവുന്നതേ ഉള്ളൂ. ഏതായാലും ഇപ്പോള്‍ ആശ്വാസമുണ്ട്. ഒപ്പം നിന്നവരോടും അഭ്യുദയകാംക്ഷികള്‍ക്കും സുഹൃത്തുക്കള്‍ക്കും പ്രാര്‍ത്ഥിച്ചവര്‍ക്കും നന്ദി അറിയിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :