വെബ്ദുനിയ ലേഖകൻ|
Last Modified വ്യാഴം, 7 മെയ് 2020 (11:05 IST)
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് രാസവതക ചോർച്ചയെ തുടർന്ന് മരണം എട്ടായി. വ്യാഴാഴ്ച പുലർച്ചെ മൂന്നിനാണ് വതക ചോർച്ച ഉണ്ടായത്. രണ്ട് കുട്ടികൾ ഉൾപ്പടെ അപകടത്തിൽ മരിച്ചു. കിങ് ജോർജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അഞ്ച് പേർ മരിച്ചതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. മൂന്നുപേരെ മരിച്ചനിലയിൽ പ്രദേശത്തുനിന്നും കണ്ടെത്തിയിരുന്നു. വിഷവാതകം ശ്വസിച്ച് നിരവധി മൃഗങ്ങളും ചത്തിട്ടുണ്ട്.
200 ഓളം പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില വഷളായതിനെ തുടർന്ന് മൂന്നുപേരെ വെന്റിലേറ്ററിലേയ്ക്ക് മാറ്റി. 5 കിലോമീറ്റർ പരിധിയിലേക്ക് വിഷവാതകം എത്തി എന്നാണ് അനുമാനം, പ്രദേശത്തെ 20 ഗ്രാമങ്ങൾ ഒഴിപ്പിയ്ക്കനുള്ള നടപടി പുരോഗമിയ്ക്കുകയാണ്. വെങ്കിട്ടാപുരത്തെ എൽജി പോളിമർ ഇൻഡസ്ട്രീസിൽനിന്നുമാണ് സ്റ്റെറീൻ വാതകം ചോർന്നത്. ചോർച്ച അടച്ചിട്ടുണ്ട്.
ആളുകളുടെ ജീവൻ രക്ഷിയ്ക്കാൻ വേണ്ട എല്ലാ നടപടികളും സ്വീകരിയ്ക്കാൻ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി ജില്ല ഭരണകൂടത്തിന് നിർദേശം നൽകി. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ് എന്നും പ്രദേശത്തേയ്ക്ക് ദ്രുതകർമ സേനയെ അയച്ചിട്ടുണ്ട് എന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി വ്യക്തമാക്കി.