ന്യൂഡല്‍ഹി|
VISHNU.NL|
Last Modified തിങ്കള്‍, 11 ഓഗസ്റ്റ് 2014 (10:30 IST)
ഭരണം മാറിയതോടെ രാജ്യത്തിന്റെ സ്വാതന്ത്ര്യദിന ചരിത്രങ്ങളിലേക്ക് ഹിന്ദുമഹാ സഭാസ്ഥാപകന്‍ വി ഡി സവര്‍ക്കറും മറനീക്കി പുറത്തു വരുന്നു. സവര്‍ക്കാറിന്റെ സ്വാതന്ത്ര്യസമര സംഭാവനകളെ ഉള്‍പ്പെടുത്തിയാണ് ഇത്തവണത്തേ ദൂരദര്‍ശന്റെ സ്വാതന്ത്ര്യ ദിന പരിപാടികള്‍ പ്രക്ഷേപണം ചെയ്യുക.
സവര്‍ക്കറിനെ സമരങ്ങളിലേ വീരനായകനായി ഉയര്‍ത്തിക്കാട്ടാനാണ് സര്‍ക്കാരിന്റെ ശ്രമം. ദൂരദര്‍ശന്‍ സ്വാതന്ത്ര്യ ദിനത്തില്‍ റോഡ് ടു ഫ്രീഡം എന്ന പരിപാടി സംപ്രേക്ഷണം ചെയ്യുന്നത് ഈ അജന്‍ഡയുടെ ഭാഗമായാണ്. ദൂരദര്‍ശന്റെ ഫിലിംസ് വിംഗ് തയ്യാറാക്കിയ പരിപാടിയില്‍ സവാര്‍ക്കറിന്റെ അപൂര്‍വ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആര്‍എസ്എസും ബിജെപിയും സവര്‍ക്കറിനെ ദേശീയവാദിയും രാജ്യസ്നേഹിയുമായി വിലയിരുത്തുമ്പോള്‍, കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും വിഭാഗീയ നേതാവായിട്ടാണ് കാണുന്നത്. അതിനാല്‍ തന്നെ നീക്കം വിവാദമാകുമെന്ന് ഉറപ്പാണ്. നേരത്തേ എബി വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് പാര്‍ലമെന്റില്‍ സവര്‍ക്കറിന്റെ പ്രതിമ സ്ഥാപിച്ചതും വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.
പിന്നീട് വന്ന കൊണ്‍ഗ്രസ് സര്‍ക്കാരുകള്‍ സവര്‍ക്കര്‍ അനുസ്മരണങ്ങള്‍ സംഘടിപ്പിച്ചിരുന്നില്ല. എന്നാല്‍ മൊഡി അധികാരമേറ്റതിനു പിന്നാലെ സവര്‍ക്കര്‍ അനുസ്മരണം സംഘടിപ്പിച്ച് ഭരണമാറ്റത്തിന്റെ വ്യക്തമായ സന്ദേശം നല്‍കിയിരുന്നു.