യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ മോഡി അഭിസംബോധന ചെയ്യില്ല

ന്യൂഡല്‍ഹി| Last Modified തിങ്കള്‍, 11 ഓഗസ്റ്റ് 2014 (10:01 IST)
പ്രധാനമന്ത്രി നരേന്ദ്രമോഡി യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യില്ല. യുഎസ് കോണ്‍ഗ്രസ് സമ്മേളനം വെട്ടിച്ചുരുക്കിയതോടെയാണ് നരേന്ദ്രമോഡിയുടെ പ്രസംഗം ഒഴിവാക്കിയത്. പ്രസംഗത്തിനായി ഇത്തവണ അവസരമൊരുക്കുന്നതില്‍ അസൌകര്യമുണ്ടെന്ന് യുഎസ് പ്രതിനിധിസഭ സ്പീക്കര്‍ ജോണ്‍ ബോഹ്നര്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആദ്യ യുഎസ് സന്ദര്‍ശനത്തിലെ നിര്‍ണായക പരിപാടിയായി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിക്കാണിച്ചതായിരുന്നു ക്യാപ്പിറ്റോള്‍ മന്ദിരത്തിലെ പ്രസംഗം. സെപ്റ്റംബറിലെ സന്ദര്‍ശനവേളയില്‍ യുഎസ് കോണ്‍ഗ്രസിന്റെ സംയുക്തസമ്മേളത്തെ മോഡി അഭിസംബോധ ചെയ്യുന്നതോടെ ഇന്ത്യ യുഎസ് ബന്ധം കൂടുതല്‍ ഊഷ്മളമാകുമെന്നായിരുന്നു എന്‍ഡിഎ സര്‍ക്കാരിന്റെ കണക്കൂകൂട്ടല്‍.

ഒരിക്കല്‍ തനിക്ക് നിഷേധിച്ച രാജ്യത്തിന്റെ അതിഥിയായി ജനപ്രതിനിധികളെ അഭിസംബോധന ചെയ്യുന്നതോടെ രാജ്യാന്തരതലത്തിലുള്ള പ്രതിച്ഛായ വര്‍ധിക്കുമെന്ന് മോഡിയും വിലയിരുത്തി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കുകളുള്ളതിനാല്‍ സെപ്റ്റംബര്‍ ആദ്യവാരത്തില്‍ തന്നെ സമ്മേളനം അവസാനിപ്പിക്കണമെന്നാണ് യുഎസ് പ്രതിനിധി സഭാംഗങ്ങളുടെ ആവശ്യം. ഇതാണ് മോഡിയുടെ പ്രസംഗം വെട്ടിച്ചുരുക്കലിലും കലാശിച്ചത്. സെപ്റ്റംബര്‍ അവസാനത്തിലാണ് നരേന്ദ്രമോഡിയുടെ യുഎസ് സന്ദര്‍ശനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :