ന്യൂഡൽഹി|
VISHNU N L|
Last Modified ബുധന്‍, 19 ഓഗസ്റ്റ് 2015 (18:44 IST)
ഡല്‍ഹി 'ഉപഹാര്‍' സിനിമാ തിയേറ്ററിലെ തീപിടുത്തത്തില്‍ 59 പേര്‍ മരിച്ച സംഭവത്തില്‍ തീയേറ്റര്‍ ഉടമകള്‍ക്ക് സുപ്രീംകോടതി 60 കോടി രൂപ പിഴശിക്ഷ വിധിച്ചു. കേസില്‍ ഇവര്‍ക്ക് കീഴ്ക്കോടതി വിധിച്ച ജയില്‍ ശിക്ഷ സുപ്രീം കോടതി ഒഴിവാക്കി. കേസില്‍ പ്രതികളായ ഗോപാൽ അൻസൽ, സുശീൽ അൻസൽ എന്നിവര്‍ക്കാണ് ജയില്‍ ശിക്ഷയില്‍ നിന്ന് ഇളവ് നല്‍കിയത്. എന്നാൽ ഇരുവരും 60 കോടി രൂപ പിഴ അടയ്ക്കാൻ കോടതി നിർദ്ദേശിച്ചു. മൂന്ന് മാസത്തിനുള്ളിൽ പിഴത്തുക ഡൽഹി സർക്കാരിനെ ഏൽപ്പിക്കണം.
1997 ലായിരുന്നു ഗോപാല്‍ അന്‍സല്‍, സുശീല്‍ അന്‍സല്‍ എന്നിവരുടെ ഉടമസ്‌ഥതയിലുള്ള 'ഉപഹാര്‍' തീയേറ്ററില്‍ തീപിടുത്തം ഉണ്ടായത്. ഡൽഹിയിലെ വിചാരണ കോടതി 2007ൽ ഇരുവർക്കും രണ്ട് വർഷം തടവ് ശിക്ഷ വിധിച്ചു. എന്നാൽ 2008ൽ ഡൽഹി ഹൈക്കോടതി ശിക്ഷ ഒരു വർഷമായി കുറച്ചു. 2009ൽ സുപ്രീംകോടതി ഇരുവർക്കും ജാമ്യം അനുവദിക്കുകയും ചെയ്തു. സുശീൽ അൻസൽ ഇതുവരെ അഞ്ചു മാസവും 22 ദിവസവുമാണ് ശിക്ഷ അനുഭവിച്ചത്. ഗോപാൽ അൻസൽ 142 ദിവസമാണ് ജയിലിൽ കിടന്നത്.
2014 മാർച്ച് 5ന് സുപ്രീംകോടതി ഇവരുടെ ശിക്ഷ ശരിവച്ചു. ഇതിനെതിരെ പ്രതികൾ നൽകിയ ഹർജിയിലാണ് ഇപ്പോഴത്തെ കോടതി ഉത്തരവ്.
സിനിമ കാണാനെത്തിയവരുടെ സുരക്ഷയേക്കാള്‍ പണത്തിനാണ് അന്‍സല്‍ സഹോദരന്മാര്‍ പ്രാധാന്യം നല്‍കിയതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. മരിച്ചവരുടെ ബന്ധുക്കളാണ് തീയേറ്റര്‍ ഉടമകള്‍ക്കെതിരെ കോടതിയെ സമീപിച്ചത്.