മുസ്ലിം വിദ്യാര്‍ഥിയെ അടിക്കുക, ക്ലാസിലെ മറ്റ് കുട്ടികള്‍ക്ക് അധ്യാപികയുടെ നിര്‍ദേശം; ന്യൂനപക്ഷത്തിനു ജീവിക്കാന്‍ പറ്റാത്ത നാടായി ഇന്ത്യ മാറിയെന്ന് സോഷ്യല്‍ മീഡിയ

അധ്യാപികയുടെ നടപടിയുമായി ബന്ധപ്പെട്ട് സ്‌കൂള്‍ പ്രിന്‍സിപ്പലുമായി സംസാരിച്ചെന്ന് പൊലീസ് സൂപ്രണ്ട് സത്യനാരായണ പ്രജാപത് പറഞ്ഞു

രേണുക വേണു| Last Modified ശനി, 26 ഓഗസ്റ്റ് 2023 (10:44 IST)

മുസ്ലിം വിദ്യാര്‍ഥിയെ അടിക്കാന്‍ ക്ലാസിലെ മറ്റ് വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കുന്ന അധ്യാപികയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഉത്തര്‍പ്രദേശ് മുസഫര്‍നഗറിലെ സ്‌കൂളിലാണ് രാജ്യത്തെ നാണംകെടുത്തുന്ന സംഭവം. അധ്യാപികയ്‌ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. മുസ്ലിം വിദ്യാര്‍ഥിയെ തല്ലാന്‍ സഹപാഠികളോട് അധ്യാപിക പറയുന്നത് വീഡിയോയില്‍ കാണാം.

ഖുബ്ബാപുര്‍ നേഹ പബ്ലിക്ക് യുപി സ്‌കൂളിലാണ് സംഭവം നടന്നത്. ഗണിത ക്ലാസില്‍ ഗുണനപ്പട്ടിക പഠിക്കാത്തതിന്റെ പേരില്‍ അധ്യാപിക മുസ്ലിം വിദ്യാര്‍ഥിയെ മര്‍ദ്ദിക്കാന്‍ സഹപാഠികളെ ക്ഷണിക്കുകയായിരുന്നു. തുടര്‍ന്ന് ചില കുട്ടികള്‍ എത്തി കുട്ടിയുടെ മുഖത്തടിച്ചു. 'മുഹമ്മദന്‍ കുട്ടികളെയെല്ലാം ഇതുപോലെ തല്ലിക്കും' എന്ന് അധ്യാപിക പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. കൂട്ടുകാരനെ തല്ലാന്‍ മടിച്ച ഒരു കുട്ടിയോട് 'നീ എന്താണ് പതുക്കെ തല്ലുന്നത്, അവന്റെ അരക്കെട്ടിലും അടിക്കൂ' എന്ന് അധ്യാപിക പറയുന്നു. ത്രിപ്ത ത്യാഗി എന്നാണ് അധ്യാപികയുടെ പേര്. ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടു.

അധ്യാപികയുടെ നടപടിയുമായി ബന്ധപ്പെട്ട് സ്‌കൂള്‍ പ്രിന്‍സിപ്പലുമായി സംസാരിച്ചെന്ന് പൊലീസ് സൂപ്രണ്ട് സത്യനാരായണ പ്രജാപത് പറഞ്ഞു. അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കാന്‍ ഉത്തരവിട്ടതായി ബാലാവകാശ കമ്മീഷന്‍ അറിയിച്ചു. അതേസമയം, സംഭവം ഒത്തുതീര്‍പ്പായതിനാല്‍ സ്‌കൂളിനെതിരെ പരാതിയില്ലെന്ന് കുട്ടിയുടെ പിതാവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കുട്ടിയെ ഇനി ആ സ്‌കൂളിലേക്ക് അയക്കില്ലെന്നും സ്‌കൂള്‍ ഫീസ് തിരികെ നല്‍കിയെന്നും കുട്ടിയുടെ പിതാവ് വ്യക്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :