അഭിറാം മനോഹർ|
Last Modified ബുധന്‍, 23 ഓഗസ്റ്റ് 2023 (20:16 IST)
ചന്ദ്രയാന്‍ 3 ന്റെ വിജയതിളക്കത്തില്‍ രാജ്യമാകെ ആഘോഷതിമര്‍പ്പില്‍ നില്‍ക്കുമ്പോള്‍ ചാന്ദ്രയാന്റെ വിജയത്തിന് പിന്നിലെ കേരളത്തിന്റെ പങ്കിനെ പ്രകീര്‍ത്തിച്ച് മന്ത്രി പി രാജീവ്. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റിലാണ് ചാന്ദ്രയാന്റെ സോഫ്റ്റ് ലാന്‍ഡിങ്ങില്‍ സന്തോഷം പങ്കുവെയ്ക്കുന്നതിനൊപ്പം കേരളത്തിന് അഭിമാനിക്കാവുന്ന കാര്യങ്ങളെ പറ്റിയും മന്ത്രി വിശദമാക്കിയത്. ചന്ദ്രയാന്റെ വിജയത്തിന് പിന്നില്‍ കേരളത്തില്‍ നിന്നുള്ള 6 പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളും 20ഓളം സ്വകാര്യസ്ഥാപനങ്ങളുമുണ്ടെന്ന് മന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
മന്ത്രി പി രാജീവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം
ദക്ഷിണ ധ്രുവത്തില്‍ ആദ്യമായി ലാന്റ് ചെയ്തുകൊണ്ട് ചാന്ദ്രയാന്‍ 3 പുതിയ ചരിത്രം രചിക്കുമ്പോള്‍, അഭിമാനത്തോടെ കേരളവും ഈ ദൗത്യത്തില്‍ പങ്കാളികളാകുകയാണ്.
കേരളത്തില്‍ നിന്നുള്ള 6 പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളും 20ഓളം സ്വകാര്യസ്ഥാപനങ്ങളുമാണ് വിജയകരമായി ലാന്റ് ചെയ്തിരിക്കുന്ന ചന്ദ്രയാന്‍ 3 ദൗത്യത്തില്‍ പങ്കാളികളായിരിക്കുന്നത്.
കെല്‍ട്രോണ്‍, കെ എം എം എല്‍, എസ്.ഐ.എഫ്.എല്‍, ടി.സി.സി, കെ.എ.എല്‍ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും എയ്‌റോപ്രിസിഷന്‍, ബി.എ.ടി.എല്‍, കോര്‍ട്ടാന്‍, കണ്ണന്‍ ഇന്റസ്ട്രീസ്, ഹിന്റാല്‍കോ, പെര്‍ഫെക്റ്റ് മെറ്റല്‍ ഫിനിഷേഴ്‌സ്, കാര്‍ത്തിക സര്‍ഫസ് ട്രീറ്റ്‌മെന്റ്, ജോജോ ഇന്റസ്ട്രീസ്, വജ്ര റബ്ബര്‍, ആനന്ദ് ടെക്‌നോളജീസ്, സിവാസു, റെയെന്‍ ഇന്റര്‍നാഷണല്‍, ജോസിത് എയര്‍സ്‌പേസ്, പി.എം.എസ് തുടങ്ങിയ സ്വകാര്യസ്ഥാപനങ്ങളില്‍ നിന്നും നിര്‍മ്മിച്ച വിവിധ ഉല്‍പ്പന്നങ്ങള്‍ ചന്ദ്രയാന്‍ 3 ദൗത്യത്തില്‍ ഉപയോഗിച്ചിരിക്കുന്നു.
ലോകത്തിന് മുന്നില്‍ ഇന്ത്യ അഭിമാനത്തോടെ നില്‍ക്കുമ്പോള്‍, കേരളത്തിനും ഈ ദൗത്യത്തില്‍ പങ്കാളികളായതില്‍ അഭിമാനിക്കാം. വിജയകരമായ ലാന്റിങ്ങ് സാധ്യമാക്കിയ എല്ലാ ശാസ്ത്രജ്ഞരേയും മറ്റ് ജീവനക്കാരെയും അഭിനന്ദിക്കുന്നു. രാജ്യത്തിന്റെ സന്തോഷത്തില്‍ പങ്കുചേരുന്നു.