തുമ്പി ഏബ്രഹാം|
Last Modified ബുധന്‍, 27 നവംബര്‍ 2019 (07:35 IST)
മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുന്ന ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞ നാളെ.
മുംബൈ ശിവജി പാര്‍ക്കില്‍ വെച്ചായിരിക്കും സത്യപ്രതിജ്ഞയെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. അഞ്ചു മണിക്കായിരിക്കും ചടങ്ങ് നടക്കുക
നേരത്തെ, ഡിസംബര്‍ ഒന്നിനാകും സത്യപ്രതിജ്ഞ നടക്കുക എന്നതരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അത് പിന്നീട് ഈ മാസം 28ആം തിയ്യതിയിലേയ്ക്ക് മാറ്റുകയാണുണ്ടായത്.
അതേസമയം, ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് മണിക്കൂറുകള്‍ക്ക് ശേഷം എന്‍സിപി നേതാവ് അജിത് പവാര്‍ പാര്‍ട്ടി മേധാവി ശരത് പവാറിനെ വസതിയിലെത്തി കണ്ടിരുന്നു.
ശരത് പവാറിന്റെ മകള്‍ സുപ്രിയ സുലെയും മീറ്റിംഗില്‍ പങ്കെടുത്തു. മഹാരാഷ്ട്ര നിയമസഭയില്‍ നാളെ നടക്കാനിരിക്കുന്ന വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായാണ് കൂടിക്കാഴ്ച. അജിത് പവാറിന്റെ അമ്മാവന്‍ കൂടിയാണ് ശരത് പവാര്‍.
അതേസമയം, മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാവാന്‍ തന്നെ തെരഞ്ഞെടുത്തതിന് സോണിയ ഗാന്ധിക്ക് ഉദ്ധവ് താക്കറെ നന്ദി പറഞ്ഞിരുന്നു. മുംബൈ ട്രൈഡന്റ് ഹോട്ടലില്‍ നടന്ന സേന-എന്‍സിപി-കോണ്‍ഗ്രസ് സംയുക്ത മീറ്റിംഗില്‍ ത്രികക്ഷി സഖ്യത്തിന്റെ നേതാവായി ഉദ്ധവ് താക്കറയെ തെരഞ്ഞെടുത്തു. സഖ്യത്തെ മഹാരാഷ്ട്ര വികാസ് അഘാടി എന്ന് വിളിക്കുമെന്ന് സംയുക്ത യോഗത്തില്‍ മൂന്നു പാര്‍ട്ടികളും പ്രഖ്യാപിച്ചിരുന്നു.