കള്ളന്റെ വക പൊലീസിനിട്ട് ‘എട്ടിന്റെ പണി‘

മുംബൈ| VISHNU.NL| Last Modified ബുധന്‍, 7 മെയ് 2014 (15:44 IST)
മുംബൈയില്‍ കള്ളന്‍ കൊണ്ടുപോയത് 42 ലക്ഷത്തിന്റെ സ്വര്‍ണ്ണവും കൂടെ തേളിവു നശിപ്പിക്കാന്‍ സിസിടിവി ക്യാമറയും ഡിവിആറും (ഡിജിറ്റല്‍ വീഡിയോ റിക്കോഡ‌ര്‍).

മുംബൈയിലെ ചാര്‍ക്കോപ്പ് മാര്‍ക്കറ്റിലുള്ള അപ്ന ബസാറിലെ കുനാല്‍ ജൂവലേഴ്സില്‍ നിന്നുമാണ് കള്ളന്‍ വിദഗ്ദമായി കൊള്ള നടത്തുന്നതിനൊപ്പം പൊലീസിനേയും ധര്‍മ്മ സങ്കടത്തിലാക്കിയത്.

സാധാരണ കള്ളന്മാരെ പിടിക്കുന്നതിനി വേണ്ടിയാണ് ക്യാമറയും ഡിവിആറും സ്ഥാപിക്കുക. എന്നാല്‍ കള്ളന്‍ അതും കൊണ്ടുപോയതിനാല്‍ എവിടെ നിന്ന് അന്വേഷണം തുടങ്ങണമെന്ന സംശയത്തിലാണ് പൊലീസ്.
കൊണ്ടുപോയ ക്യാമറയ്ക്കും ഡിവിആറിനും 15000 രൂപ വിലവരും.

ശനിയാഴ്ച്ച രാത്രിക്കും ഞായറാഴ്ച്ച പുലര്‍ച്ചെയ്ക്കും ഇടയിലാണ് സംഭവം നടന്നത്. മെയ് 2ന് അക്ഷയ തൃതീയ ആണെന്നിരിക്കെ കടയില്‍ ആവശ്യത്തിന് സ്വര്‍ണ്ണം ഉണ്ടാകുമെന്ന നിഗമനത്തിലാകാം കള്ളന്‍ കവര്‍ച്ചക്കായി എത്തിയതെന്ന് പൊലീസ് പറയുന്നു.

ശനിയാഴ്ച്ച രാത്രി 10 മണിക്ക് കടയടച്ച് വീട്ടിലേക്ക് പോയ കടയുടമ സത്യനാരായണ്‍ സോണിയെ സുഹൃത്താണ് കട സംശയാസ്പദമായി തുറന്ന് കിടക്കുന്ന വിവരം
ഫോണില്‍ വിളിച്ചറിയിക്കുന്നത്. തുടര്‍ന്ന് പുലര്‍ച്ചെ 8.45ഓടെ കടയിലെത്തിയപ്പോഴാണ് സോണി മോഷണം നടന്ന വിവരം അറിയുന്നത്.

കടയ്ക്ക് പ്രത്യേകം സുരക്ഷാ സംവിധാനങ്ങളോ സെക്യൂരിറ്റി ഉദ്യോഗസ്ഥനോ ഉണ്ടായിരുന്നില്ലെന്ന് കടയുടമ പറയുന്നു. മോഷ്ടാവിനു വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :