റായ്പുര്‍|
Last Modified ശനി, 10 മെയ് 2014 (12:50 IST)
ഛത്തീസ്ഗഢിലെ റായ്പുരില്‍ അധ്യാപികയെ ഗ്രാമസഭ നഗ്നയാക്കി മര്‍ദ്ദിച്ചു. ജഷ്പൂരിലെ പതാല്ഗോവ് മേഖലയിലെ ആദിവാസി അധ്യാപികയെയാണ് നഗ്നയാക്കിയതായി പരാതി ഉയര്‍ന്നിരിക്കുന്നത്.
സഹോദരപുത്രന്റെ പ്രണയത്തെ ചൊല്ലിയുണ്ടായ വാക്കു തര്‍ക്കത്തിനൊടുവിലാണ് അധ്യാപികയെ ക്രൂരമായി മര്‍ദ്ദനത്തിന് വിധേയയാക്കിയത്. മര്‍ദ്ദനത്തിനുശേഷം ഗ്രാമത്തില്‍ നിന്നും പുറത്താക്കാതിരിക്കാന്‍ ഒരു ലക്ഷം രൂപ പിഴയൊടുക്കാനും ഗ്രാമസഭയുടെ ഉത്തരവിട്ടു.
ഒരേ ജാതിക്കാരിയായ പെണ്‍കുട്ടിയെ അധ്യാപികയുടെ സഹോദരപുത്രന് പ്രണയിച്ചതിനെ ചൊല്ലിയായിരുന്നു ശിക്ഷ. അധ്യാപികയുടെ വസതിയില്‍ പെണ്‍കുട്ടിക്ക് അഭയം നല്‍കിയെന്ന അറിഞ്ഞ ഗ്രാമസഭയാണ് ശിക്ഷ വിധിച്ചത്. സഹോദരപുത്രന് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയെന്നും ഗ്രാമസഭ ആരോപിച്ചു.
തുടര്‍ന്ന് നഗ്നയാക്കി മര്‍ദ്ദിക്കുകയായിരുന്നു. അധ്യാപികയുടെ സ്വര്‍ണാഭരണങ്ങള്‍ മര്‍ദ്ദനത്തിനിടെ നഷ്ടമായതായും പരാതിയുണ്ട്. ഗ്രാമത്തില്‍ തുടര്‍ന്നും താമസിക്കണമെങ്കില്‍ ഒരു ലക്ഷംരൂപ പിഴ നല്‍കണമെന്നും ഗ്രാമസഭ ഉത്തരവിട്ടു. അക്രമം നടന്നതിനുശേഷം മനുഷ്യാവകാശ കമ്മീഷനെയും വനിതാ കമ്മീഷനെയും സമീപിച്ചിരിക്കുകയാണ് അധ്യാപിക.