തമിഴകത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു; വോട്ടെടുപ്പ് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ പോളിംഗ് 42 % കടന്നു

കേരളത്തിനൊപ്പം തമിഴ്നാട്ടിലേയും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. തുടക്കത്തിൽ മഴ ഒരു വില്ലനായി എത്തിയെങ്കിലും വോട്ടർമാർ ആവേശത്തിൽ തന്നെയാണ്. തമിഴ്നാട്ടിലെ 232 മണ്ഡലങ്ങളിലെ പോളിംങ് ശക്തമായി മുന്നേറുകയാണ്.

aparna shaji| Last Updated: തിങ്കള്‍, 16 മെയ് 2016 (17:05 IST)
കേരളത്തിനൊപ്പം തമിഴ്നാട്ടിലേയും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. തുടക്കത്തിൽ മഴ ഒരു വില്ലനായി എത്തിയെങ്കിലും വോട്ടർമാർ ആവേശത്തിൽ തന്നെയാണ്. തമിഴ്നാട്ടിലെ 232 മണ്ഡലങ്ങളിലെ പോളിംങ് ശക്തമായി മുന്നേറുകയാണ്. വോട്ടെടുപ്പ് ആരംഭിച്ച് 9 മണിക്കൂർ പിന്നിടുമ്പോൾ 42.1 ശതമാനം പോളിംങ് രേഖപ്പെടുത്തി.

സംസ്ഥാന മുഖ്യമന്ത്രി രാവിലെ തന്നെ തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ചു. ചെന്നൈ സ്റ്റെല്ല മാരിസ് കോളജില്‍ ആയിരുന്നു ജയലളിതയ്ക്ക് വോട്ട്. സ്റ്റൈല്‍ മന്നന്‍ രജനീകാന്തും തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ചത് സ്റ്റെല്ല മാരിസ് കോളജില്‍ തന്നെ ആയിരുന്നു. അതിരാവിലെ തന്നെ വോട്ട് ചെയ്യാന്‍ രജനീകാന്തും എത്തിയിരുന്നു. ഒരു പൗരനെന്ന നിലയില്‍ താന്‍ തന്റെ കടമ ചെയ്തു എന്ന് അദ്ദേഹം പ്രതികരിച്ചു.

കരുണാനിധി ഗോപാലപുരം ശ്രീ സര്‍ദ സെക്കണ്ടറി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തി. വലിയ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്ന് എം കരുണാനിധി പ്രതീക്ഷ പ്രകടിപ്പിച്ചു. നടൻ അജിത് ഭാര്യ ശാലിനിക്കൊപ്പം തിരുവാണ്‍മിയൂരിയെ കുപ്പം സര്‍ക്കാര്‍ സ്‌കൂളിലും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ലഖോനി ഡിജി വൈഷ്ണ കോളജിലെ ബൂത്തിലും വോട്ട് ചെയ്തു. എംകെ സ്റ്റാലിന്‍ ചെന്നൈയിലെ ബൂത്തില്‍ വോട്ട് ചെയ്തു.

ജയലളിത മത്സരിക്കുന്ന ആർ കെ നഗറിലാണ് ഏറ്റവും കുറവ് പോളിങ്. സേലം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോളിങ്. കനത്ത മഴ തുടരുന്നതിനാല്‍ മധുര, ട്രിച്ചി, തുടങ്ങിയ മേഖലകളില്‍ പോളിങ് രാവിലെ വളരെ മന്ദഗതിയിലായിരുന്നു. എന്നാൽ പിന്നീട് വോട്ടർമാർ ശക്തമായ രീതിയിൽ എത്തുകയായിരുന്നു. നാമക്കൽ ജില്ലയിൽ യന്ത്രത്തകരാർ ഉണ്ടാകുകയും തുടർന്ന് ഇത് പരിഹരിക്കുന്നതിനായി
40 മിനിറ്റ് പോളിങ് വൈകുകയും ചെയ്തു.

മഴ പോളിങ് തടസ്സപ്പെടുത്തുന്നതിനാല്‍ വോട്ടു ചെയ്യാനുള്ള സമയം ആറു മണി എന്നത് ഏഴു മണിവരെ നീട്ടിക്കൊടുക്കണമെന്നും കരുണാനിധി ആവശ്യപ്പെട്ടു. ഡിഎംഡികെ നേതാവ് വിജയകാന്ത്, പി എം കെ അധ്യക്ഷന്‍ അന്‍പുമണി രാംദോസ്, ബി ജെ പി നേതാക്കളായ എച്ച് രാജ, തമിലിസി സുന്ദരേശന്‍ എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖർ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :