ചെന്നൈ|
JOYS JOY|
Last Updated:
തിങ്കള്‍, 16 മെയ് 2016 (15:52 IST)
കേരളത്തിനൊപ്പം തമിഴ്‌നാട്ടിലും തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. സംസ്ഥാന മുഖ്യമന്ത്രി
ജയലളിത രാവിലെ തന്നെ തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ചു. ചെന്നൈ സ്റ്റെല്ല മാരിസ് കോളജില്‍ ആയിരുന്നു ജയലളിതയ്ക്ക് വോട്ട്.
രാവിലെ പത്തുമണിയോടെയാണ് ജയലളിത വോട്ട് ചെയ്യാനെത്തിയത്. വോട്ട് ചെയ്തതിനു ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട ജയലളിത രണ്ടു ദിവസം കൂടി കാത്തിരിക്കൂവെന്നും എല്ലാം അറിയാമെന്നും മാത്രമാണ് പറഞ്ഞത്.
വോട്ട് ചെയ്യുന്നതിനായി രാവിലെ തന്നെ പോളിംഗ് ബൂത്തില്‍ എത്തിയെങ്കിലും സ്വന്തം പേരിന് നേരെ വോട്ട് കുത്താന്‍ തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ആയില്ല. ആര്‍ കെ നഗര്‍ മണ്ഡലത്തിലാണ് ജയലളിത മത്സരിക്കുന്നത്. ഈ മണ്ഡലത്തില്‍ 45 സ്ഥാനാര്‍ത്ഥികള്‍ ആണ് മത്സരിക്കുന്നത്.
അതേസമയം, സ്റ്റൈല്‍ മന്നന്‍ രജനീകാന്തും തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ചത് സ്റ്റെല്ല മാരിസ് കോളജില്‍ തന്നെ ആയിരുന്നു. അതിരാവിലെ തന്നെ വോട്ട് ചെയ്യാന്‍ രജനീകാന്തും എത്തിയിരുന്നു. ഒരു പൌരനെന്ന നിലയില്‍ താന്‍ തന്റെ കടമ ചെയ്തു എന്ന് അദ്ദേഹം പ്രതികരിച്ചു.
ഡി എം കെ നേതാവ് കരുണാനിധി, സ്റ്റാലിന്‍, ഡി എം ഡിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി വിജയകാന്ത് എന്നിവരും നേരത്തെ തന്നെ വോട്ട് ചെയ്യാനെത്തി. ഭാര്യ പ്രേമലതയ്ക്കൊപ്പമാണ് വിജയകാന്ത് വോട്ട് ചെയ്യാനെത്തിയത്.