തുമ്പി ഏബ്രഹാം|
Last Modified തിങ്കള്‍, 18 നവംബര്‍ 2019 (14:59 IST)
താജ്‌മഹൽ സ്ഥിതി ചെയ്യുന്ന ചരിത്ര നഗരമായ ആഗ്രയുടെ പേര് മാറ്റാൻ ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ നീക്കം തുടങ്ങി. ആഗ്രയുടെ പേര്
അഗ്രവാൻ എന്ന് മാറ്റാണ് ആലോചന. ഇക്കാര്യത്തിൽ പരിശോധന നടത്താൻ ചരിത്ര ഗവേഷകർക്ക് സർക്കാർ നിർദേശം നൽകി.
ആഗ്രയിലെ അംബേദ്‌കർ സർവകലാശാലയ്ക്ക് ഇക്കാര്യം ആവശ്യപ്പെട്ട് സർക്കാർ കത്ത് അയച്ചു. ആഗ്ര മറ്റേതെങ്കിലും പേരുകളിൽ അറിയപ്പെട്ടിരുന്നോ എന്ന് പരിശോധിക്കാനാണ് നിർദേശം. സർക്കാർ നിർദേശം ലഭിച്ചിട്ടുണ്ടെന്നും ഇതിൽ പരിശോധന തുടങ്ങിയതായും സർവകലാശലയിലെ ചരിത്ര വിഭാഗം മേധാവി പ്രഫ. സുഗമം ആനന്ദ് പറഞ്ഞു.
ആഗ്രയുടെ പേര് അഗ്രവാൻ എന്നായിരുന്നുവെന്ന് ചില ചരിത്ര ഗവേഷകർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ പേര് എങ്ങനെ ആഗ്രയെന്നായി മാറിയെന്നും പരിശോധിക്കാനാണ് സർക്കാർ നിർദേശിച്ചിട്ടുള്ളത്.
അഗ്രവാൻ എന്ന് ആഗ്രയുടെ പേര് മാറ്റണമെന്ന് അടുത്തിടെ അന്തരിച്ച ബിജെപി എംഎൽഎ ജഗൻ പ്രസാദ് ഗാർഗ് ആവശ്യപ്പെട്ടിരുന്നു. അലഹബാദിന്റെ പേര് പ്രയാഗ് രാജ് എന്നും മുഗൾസരായിയുടെത് ദീൻ ദയാൽ ഉപാധ്യായ നഗർ എന്നും മാറ്റിയതിനു പിന്നാലെയാണ് ആഗ്രയുടെ പേര് മാറ്റാനുള്ള യോഗി സർക്കാരിന്റെ നിർദേശം.