'പരാമർശങ്ങളിൽ ജാഗ്രത പാലിക്കണം'; യോഗി ആദിത്യനാഥിന് താക്കീത് നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ

ഞായറാഴ്ച ഗാസിയബാദില്‍ നടന്ന റാലിക്കിടെയായിരുന്നു യോഗി ആദിത്യനാഥിന്റെ വിവാദ പരാമര്‍ശം.

Last Modified ശനി, 6 ഏപ്രില്‍ 2019 (10:18 IST)
ഇന്ത്യന്‍ സൈന്യം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വകാര്യ സൈന്യമാണെന്ന പ്രസ്താവനയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. ഭാവിയില്‍ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ ജാഗ്രത പാലിക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഞായറാഴ്ച ഗാസിയബാദില്‍ നടന്ന റാലിക്കിടെയായിരുന്നു യോഗി ആദിത്യനാഥിന്റെ വിവാദ പരാമര്‍ശം. പാകിസ്താനില്‍ വ്യോമസേന നടത്തിയ മിന്നലാക്രമണത്തെ മുന്‍ നിര്‍ത്തി കോണ്‍ഗ്രസ് തീവ്രവാദികള്‍ക്ക് ബിരിയാണി നല്‍കുമ്പോൾ മോദി സേന അവര്‍ക്ക് ബുള്ളറ്റുകളും ബോംബുകളുമാണ് നല്‍കുന്നതെന്നായിരുന്നു യോഗിയുടെ പ്രസ്താവന.

നാവികസേനാ മുന്‍ മേധാവി അഡ്മിറല്‍ എല്‍ രാമദാസ് (റിട്ട.) നല്‍കിയ പരാതിയെത്തുടര്‍ന്നാണു തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗിയില്‍നിന്നു വെള്ളിയാഴ്ച വിശദീകരണം ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ തന്നെ സൈനിക വിഭാഗങ്ങളെ രാഷ്ട്രീയ പ്രചരണത്തിന് ഉപയോഗിക്കരുതെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കിയിരുന്നു. ഇത് വകവെയ്ക്കാതെയായിരുന്നു യോഗിയുടെ പ്രസംഗം.

പ്രസംഗത്തിനെതിരെ പ്രതിപക്ഷനേതാക്കളും സൈനിക ഉദ്യോഗസ്ഥരും പ്രതിഷേധമറിയിച്ചിരുന്നു. സൈന്യം ഒരു വ്യക്തിയുടെയല്ലെന്നും രാജ്യത്തിന്റെയാണെന്നും കേന്ദ്രമന്ത്രി വികെ സിങും കഴിഞ്ഞ ദിവസം പ്രതികരിച്ചു.

പ്രസ്താവനക്കെതിരെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്റെ മകനും രംഗത്തെത്തിയിരുന്നു.ഇന്ത്യന്‍ സൈന്യം മോദിയുടെ സൈന്യമല്ല. രാജ്യത്തെ ഏതെങ്കിലും സേനയല്ല. അവര്‍ രാജ്യത്തെ സേവിക്കുന്നതവരാണെന്നായിരുന്നു കൊല്ലപ്പെട്ട ജവാന്റെ മകനായ സിദ്ധാര്‍ഥ് കുമാര്‍ പറഞ്ഞത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :