‘മുമ്പ് ഞങ്ങളുടെ മക്കള്‍ക്കൊപ്പം ഹിന്ദുക്കളുടെ കുട്ടികളും ഒരുമിച്ച് കളിച്ചു, രണ്ടുവര്‍ഷം കൊണ്ട് കാര്യങ്ങള്‍ മാറിമറിഞ്ഞ്’; ബിജെപി ജയിച്ചാല്‍ ഗ്രാമം വിടുമെന്ന് യുപിയിലെ മുസ്ലീങ്ങൾ

റോയിട്ടേഴ്‌സിനോട് സംസാരിക്കുകയായിരുന്നു ഇവർ.

Last Modified ബുധന്‍, 22 മെയ് 2019 (14:08 IST)
കേന്ദ്രത്തില്‍ വീണ്ടും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഗ്രാമം വിടാനൊരുങ്ങി ഉത്തര്‍പ്രദേശിലെ നയാബാന്‍സ് എന്ന ഗ്രാമത്തിലെ മുസ്‌ലീം കുടുംബങ്ങൾ‍. ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്നാണ് ഇവിടുത്തുകാര്‍ പറയുന്നത്. ഇപ്പോഴുള്ള അവസ്ഥയേക്കാള്‍ ഭീകരമായിരിക്കും മോദിയുടെ നേതൃത്വത്തില്‍ വീണ്ടുമൊരു സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ എന്നും ഇവര്‍ ഭയക്കുന്നു. റോയിട്ടേഴ്‌സിനോട് സംസാരിക്കുകയായിരുന്നു ഇവർ.

”പണ്ട് ഇങ്ങനെ ഒന്നുമായിരുന്നില്ല. തങ്ങളുടെ കുട്ടികളും ഹിന്ദുക്കളുടെ കുട്ടികളുമെല്ലാം ഒരുമിച്ച് കളിച്ചിരുന്നു. രണ്ട് വിശ്വാസത്തിലായിരുന്നെങ്കിലും സംസാരിക്കാന്‍ സമയം കണ്ടെത്തിയിരുന്നു, ആഘോഷങ്ങള്‍ക്ക് ഒരുമിച്ച് പോകുമായിരുന്നു. ഇതെല്ലാം ഇനി നടക്കുമോയെന്ന് അറിയില്ല. കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്യങ്ങള്‍ എല്ലാം മാറി. പേടി കൊണ്ട് ഇവിടെ നിന്ന് പോകാമെന്ന് കരുതുകയാണ്”. ഗ്രാമവാസികള്‍ പറഞ്ഞു.

ഹിന്ദുക്കള്‍ വിശുദ്ധമായി കാണുന്ന പശുവിനെ മുസ്ലീങ്ങള്‍ കശാപ്പ് ചെയ്യുകയാണെന്ന് പറഞ്ഞ് പ്രശ്‌നങ്ങള്‍ തുടരുന്ന ഗ്രാമമാണ് നയാബാന്‍സ്. ഒരു പൊലീസ് ഓഫീസര്‍ അടക്കം രണ്ട് പേരുടെ മരണത്തിനും ഈ പ്രശ്‌നം കാരണമായി. പണ്ടും നയാബാന്‍സില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്.

2014 ല്‍ മോദി അധികാരത്തിലെത്തുകയും 2017 ല്‍ യുപിയില്‍ യോഗി ആദിത്യനാഥ് അധികാരത്തിലെത്തുകയും ചെയ്തതോടെ ഞങ്ങളുടെ അവസ്ഥ മാറി. മോദിയും യോഗിയും ചേര്‍ന്ന് എല്ലാം ഇല്ലാതാക്കി. ഹിന്ദുക്കളേയും മുസ്‌ലീങ്ങളേയും തമ്മില്‍ വേര്‍തിരിക്കുക എന്നതായിരുന്നു അവരുടെ പ്രധാന അജണ്ട.

രണ്ട് വര്‍ഷത്തിനിടെ ഗ്രാമത്തില്‍ നിന്നും നിരവധി മുസ്‌ലീം കുടുംബങ്ങള്‍ താമസം മാറിപ്പോയി. പശുവിനെ അറക്കുന്നതും ബീഫ് വില്‍പ്പന നടത്തുന്നതുമെല്ലാം വലിയ കുറ്റങ്ങളായി ചുമത്തി ചിലര്‍ മുതലെടുപ്പ് നടത്തുകയായിരുന്നു. നിരവധി അക്രമസംഭവങ്ങളാണ് ഗോഹത്യയുടെ പേരില്‍ ഈ ഗ്രാമത്തില്‍ നടന്നത്. മുസ്‌ലീങ്ങളെ രണ്ടാം തരക്കാരാക്കി, അക്രമകാരികളാക്കി ചിത്രീകരിക്കാനുള്ള ശ്രമവും നടന്നെന്നും ഗ്രാമവാസികള്‍ പറയുന്നു.

1977ല്‍ പള്ളി നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ മുസ്ലീങ്ങള്‍ നടത്തിയതോടെ അത് ഒരു സാമുദായിക ലഹളയ്ക്ക് കാരണമായി. അന്ന് രണ്ട് പേരാണ് മരണപ്പെട്ടത്. പിന്നീടുള്ള വര്‍ഷങ്ങള്‍ സമാധാനപരമായി മുന്നോട്ട് പോയി. എന്നാല്‍, 2017ല്‍ യോഗി അധികാരത്തിലെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായതെന്ന് ഗ്രാമവാസികള്‍ പറയുന്നു.

2017ലെ റമദാന്‍ കാലത്ത് തീവ്ര ഹിന്ദു വക്താക്കള്‍ എത്തിയ മദ്രസയില്‍ മൈക്രോ ഫോണ്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണനെന്ന് നിലപാടടെടുത്തു. പ്രശ്‌നങ്ങള്‍ ഉണ്ടാവരുതെന്ന് കരുതി ആ വിഷയത്തില്‍ അവര്‍ക്ക് വഴങ്ങുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. എന്നാല്‍, ഇതെല്ലാം വ്യാജ പ്രാചരണങ്ങള്‍ മാത്രമാണെന്നാണ് ബിജെപി നേതാക്കള്‍ പ്രതികരിച്ചിരിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :