രാഹുല്‍ ഗാന്ധിയ്ക്ക് വിമര്‍ശനം; എം‌എല്‍‌എയ്ക്ക് സസ്പെന്‍ഷന്‍

ജയ്‌പൂര്‍| Last Modified ഞായര്‍, 1 ജൂണ്‍ 2014 (17:28 IST)
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയേറ്റതിനെ തുടര്‍ന്ന്‌ രാഹുല്‍ ഗാന്ധിക്കെതിരേ ശബ്‌ദമുയര്‍ത്തിയ രാജസ്‌ഥാന്‍ എംഎല്‍എയ്‌ക്കും സസ്‌പെന്‍ഷന്‍. ബന്‍വര്‍ലാല്‍ ശര്‍മ്മ എന്ന എംഎല്‍എയെയാണ്‌ രാഹുലിനെ വിമര്‍ശിച്ചതിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്‌തത്‌.

ചുരു ജില്ലയിലെ സര്‍ദാര്‍ഷഹര്‍ മണ്ഡലത്തില്‍നിന്നും ആറു തവണ തെരഞ്ഞെടുക്കപ്പെട്ട ഭന്‍വര്‍ലാല്‍ ഒരു മാധ്യമത്തിന്‌ നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു രാഹുലിനെ ശക്‌തമായി വിമര്‍ശിച്ചിരുന്നു. രാഹുലിനെ കോണ്‍ഗ്രസ്‌ സര്‍ക്കസിന്റെ എംഡി ഇപ്പോള്‍ ജോക്കറായെന്ന്‌ വിമര്‍ശിച്ച ഭന്‍വര്‍ലാല്‍ പാര്‍ട്ടിയില്‍ ജനാധിപത്യമില്ലെന്നും കുടുംബവാഴ്‌ചയാണെന്നും ആരോപിച്ചിരുന്നു.

ഇതിന്‌ പിന്നാലെയാണ്‌ രാജസ്‌ഥാന്‍ കോണ്‍ഗ്രസ്‌ ശര്‍മ്മയെ പുറത്താക്കിയത്‌. ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ കേരളത്തിലെ കോണ്‍ഗ്രസ്‌ നേതാവ്‌ ടി എച്ച്‌ മുസ്‌തഫ തോല്‍വിയുടെ ഉത്തരവാദിത്വത്തില്‍ രാഹുല്‍ഗാന്ധിയെ ജോക്കര്‍ എന്ന്‌ വിളിക്കുകയും സസ്‌പെന്‍ഷനിലാകുകയും ചെയ്‌തത്‌ കഴിഞ്ഞ ദിവസമായിരുന്നു. പരാമര്‍ശം നടത്തിയതിന്‌ പിന്നാലെ രാജസ്‌ഥാനിലെ കോണ്‍ഗ്രസ്‌ നേതാക്കള്‍ ശര്‍മ്മയോട്‌ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിന്‌ പിന്നാലെയായിരുന്നു നടപടി. രാജസ്‌ഥാനില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ട കോണ്‍ഗ്രസിന്‌ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 25 സീറ്റുകളില്‍ ഒന്നില്‍ പോലും ജയിക്കാനായില്ല. ഇതിന്‌ പിന്നാലെയാണ്‌ രാഹുലിനെതിരേ വിമര്‍ശനം ഉയര്‍ന്നത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :