മെഡിക്കൽ പ്രവേശനത്തിന് പ്രത്യേക പരീക്ഷ ആവശ്യമില്ല: സുപ്രീംകോടതി

 സുപ്രീംകോടതി , സ്വാശ്രയ മെഡിക്കൽ കോളേജ് , ന്യൂഡൽഹി
ന്യൂഡൽഹി| jibin| Last Updated: ചൊവ്വ, 22 ജൂലൈ 2014 (15:28 IST)
മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിന് സ്വാശ്രയ മെഡിക്കൽ കോളേജുകളുടെ ആവശ്യം തള്ളി സുപ്രീംകോടതി. സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിന് പ്രത്യേക പരീക്ഷ നടത്താൻ അനുവദിക്കണമെന്നായിരുന്നു മാനേജ്മെന്റുകളുടെ ആവശ്യം.

എന്നാല്‍ ഈ ആവശ്യം തള്ളിയ സുപ്രീംകോടതി സർക്കാർ ലിസ്റ്റിൽ നിന്ന് പ്രവേശനം നടത്താനും സ്വാശ്രയ മെഡിക്കൽ കോളേജുകളോട് ഉത്തരവിട്ടു. കോളേജുകളിൽ ഫീസ് വർദ്ധിപ്പിക്കണമെന്ന മാനേജ്മെന്റുകളുടെ ആവശ്യത്തിന്മേൽ നിലപാട് അറിയിക്കാൻ സർക്കാരിന് സമയം സുപ്രീംകോടതി അനുവദിച്ചു.

അന്പത് ശതമാനം സീറ്റുകളിലേക്ക് പ്രത്യേക പരീക്ഷ നടത്താൻ സ്വാശ്രയ മാനേജ്മെന്റുകൾക്ക് സുപ്രീംകോടതി തന്നെ നേരത്തെ അനുമതി നൽകിയിരുന്നു. എന്നാൽ നിശ്ചിത സമയപരിക്കുള്ളിൽ പരീക്ഷ നടത്താൻ മാനേജ്മെന്റുകൾക്കായില്ല. തുടർന്ന് സർക്കാർ ലിസ്റ്റിൽ നിന്ന് പ്രവേശനം നടത്താൻ ജയിംസ് കമ്മിറ്റിയും നിർദ്ദേശിച്ചു. ഇതിനെ ചോദ്യം ചെയ്താണ് അഞ്ച് സ്വാശ്രയ മാനേജ്മെന്റുകളും പത്ത് ഡെന്റൽ കോളേജുകളും കോടതിയെ സമീപിച്ചത്.

എന്നാൽ പരീക്ഷ നടത്താൻ അനുമതി നൽകിയപ്പോൾ അത് നടത്താതിരുന്ന സാഹചര്യത്തിൽ ഇനി അവസരം നൽകുന്നതിൽ അർത്ഥമില്ലെന്ന് കോടതി പറഞ്ഞു. ഫീസ് ഉയർത്തണമെന്ന മാനേജ്മെന്രുകളുടെ ആവശ്യത്തോടും കോടതി അനുകൂലമായി പ്രതികരിച്ചില്ല. സർക്കാർ ലിസ്റ്റിൽ പാവപ്പെട്ട കുട്ടികൾ ഉണ്ടാവുമെന്നും അതിനാൽ തന്നെ ഫീസ് ഉയർത്തിയാൽ അവർക്ക് അത് താങ്ങാൻ കഴിയില്ലെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.

ഇക്കാര്യത്തിൽ സർക്കാരിനോട് കോടതി നിലപാട് തേടുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :