കൊല്‍ക്കത്ത|
VISHNU N L|
Last Modified ചൊവ്വ, 21 ഏപ്രില്‍ 2015 (16:47 IST)
നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ തിരോധാനം സംബന്ധിച്ച് വര്‍ഷങ്ങള്‍ക്കിപ്പുറം വിവാദം കൊഴുക്കുമ്പോള്‍ പശ്ചിമ ബംഗാളില്‍ നിന്ന് പുറത്ത് വരുന്ന വിവരങ്ങള്‍ നേതാജി ഇന്ത്യയില്‍ തന്നെയുണ്ടായിരുന്നു എന്ന സംശയം ബലപ്പെടുത്തുന്നു. പശ്‌ചിമബംഗാള്‍ രഹസ്യാന്വേഷണ ബ്യൂറോ അടുത്തിടെ പരസ്യമാക്കിയ ചില ഔദ്യോഗിക രേഖകളിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്. നേതാജി സുഭാഷ് ചന്ദ്രബോസാണെന്നു കരുതി വിചിത്ര രീതികള്‍ പിന്തുടര്‍ന്നിരുന്ന പശ്ചിമ ബംഗാളിലെ സന്യാസി സാധു ശാരദാനന്ദയെദ് പൊലീസ് നിരീക്ഷിച്ചിരുന്നു എന്നാണ്
രേഖകള്‍ പറയുന്നത്.
സാധു ശാരദാനന്ദ നേതാജിയാണെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് സംശയമുണ്ടായിരുന്നു. സന്യാസിയുടെ പ്രവൃത്തികള്‍ ഇത്തരം സംശയങ്ങള്‍ക്ക് ഇടനല്‍കുന്നവയും ആയിരുന്നു. ഒരിക്കലും ക്യാമറയ്‌ക്ക് മുന്നില്‍ എത്തപ്പെടാതിരിക്കാനും തന്റെ വിരലടയാളങ്ങള്‍ ഒരിടത്തും പതിയാതിരിക്കാനും ശ്രദ്ധിച്ചിരുന്നയാളായിരുന്നു സ്വാമി. വിരലടയാളം പതിയാതിരിക്കാനായി കെലേസ് കൈയില്‍ ചുറ്റിയ ശേഷമേ അദ്ദേഹം എന്തെങ്കിലും വസ്‌തുക്കള്‍ എടുത്തിരുന്നുളളൂ.1962 ല്‍ കാറില്‍ യാത്ര നടത്തുമ്പോഴും സന്യാസി മുഖം മറച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഡോക്ടറെ കാണുമ്പോഴും കാവിവസ്ത്രം കൊണ്ട് അദ്ദേഹം മുഖം മറച്ചിരുന്നു. രക്തപരിശോധനയ്ക്കും എക്‌സ്-റേ എടുക്കാനും അദ്ദേഹം വിസമ്മതിച്ചു.
നേതാജിക്ക് 1941 ല്‍ ഒരു മാസക്കാലം കാബൂളില്‍ അഭയം നല്‍കിയ ഉത്തം ചന്ദ് മല്‍ഹോത്ര പോലും സ്വാമി നേതാജി തന്നെയാണെന്ന് വിശ്വസിച്ചിരുന്നു. അറുപതുകളുടെ തുടക്കത്തില്‍ ജയ്‌പാല്‍ഗുരിയിലെ ഷോല്‍മാരി ആശ്രമത്തില്‍ കഴിഞ്ഞിരുന്ന ശാരദാനന്ദ സ്വാമികള്‍ക്ക്
ഒരു ശ്വാസകോശം മാത്രമേ ഉണ്ടായിരുന്നുളളൂ എന്നും പരസ്യപ്പെടുത്തിയ രേഖകളില്‍ വ്യക്‌തമാക്കുന്നുണ്ട്. സന്യാസിയെപ്പറ്റിയുള്ള അന്വേഷണങ്ങള്‍ പലതും വിരല്‍ ചൂണ്ടിയത് നേതാജിയിലേയ്ക്ക് തന്നെയായിരുന്നു.
ശാരദാനന്ദ സ്വാമികള്‍ 1965 വരെ ജയ്‌പാല്‍ഗുരിയില്‍ കഴിഞ്ഞു. 1977 ല്‍ ഡെറാഡൂണില്‍ വച്ചായിരുന്നു അന്ത്യം.
എന്നാല്‍ ആശ്രമാധികാരികള്‍ ഇന്റലിജന്‍സ്
റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചു. 1948 മുതല്‍ 1968 വരെ നേതാജിയുടെ കുടുംബത്തെ രഹസ്യമായി നിരീക്ഷിച്ചിരുന്നു എന്ന വാര്‍ത്ത കോളിളക്കം സൃഷ്‌ടിച്ച അവസരത്തിലാണ നിരീക്ഷണത്തെ കുറിച്ചുളള പുതിയ വാര്‍ത്തകളും പുറത്തുവന്നത്. നേതാജിയുടെ തിരോധാനത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബത്തെ 20 വര്‍ഷമാണ് നിരീക്ഷിച്ചതെന്ന് രണ്ട് ഇന്റലിജന്‍സ് രേഖകളില്‍ പറയുന്നു.