ശ്രീനഗര്‍|
JOYS JOY|
Last Modified തിങ്കള്‍, 18 ജനുവരി 2016 (09:06 IST)
സസ്പെന്‍സ് പ്രതീക്ഷിച്ച് കശ്‌മീര്‍ രാഷ്‌ട്രീയത്തിലേക്ക് ഉറ്റു നോക്കിയവര്‍ക്ക് ഇനി നോട്ടം പിന്‍വലിക്കാം. നീണ്ട ചര്‍ച്ചകള്‍ക്കും യോഗത്തിനും ശേഷം ബി ജെ പിയുമായുള്ള ബന്ധം തുടരാന്‍ പി ഡി പി തീരുമാനിച്ചു. ഇതോടെ, ജമ്മു കശ്‌മീരിന്റെ ആദ്യ വനിത മുഖ്യമന്ത്രിയായി മെഹ്‌ബൂബ മുഫ്‌തി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
കഴിഞ്ഞദിവസം ചേര്‍ന്ന അഞ്ചുമണിക്കൂര്‍ നീണ്ടു നിന്ന പി ഡി പി കോര്‍കമ്മിറ്റി യോഗത്തില്‍ ഉപാധികളില്ലാതെ സഖ്യകക്ഷിഭരണം തുടരാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍, കഴിഞ്ഞവര്‍ഷം ഇരു പാര്‍ട്ടികളും തമ്മിലുണ്ടാക്കിയ കൂട്ടുഭരണ
അജണ്ട തുടരും. അതേസമയം, സര്‍ക്കാര്‍ എന്നത്തേക്ക് രൂപീകരിക്കും എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
നിയമസഭാ കക്ഷി നേതാവായി മെഹ്‌ബൂബയെ
യോഗം തെരഞ്ഞെടുത്തു. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളാന്‍ മെഹ്‌ബൂബയെ ചുമതലപ്പെടുത്തിയതായി പി ഡി പി നേതാവും മുന്‍ വിദ്യാഭ്യാസമന്ത്രിയുമായ നയിം അക്തര്‍ പറഞ്ഞു.
മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ മരണത്തിനു ശേഷം ആദ്യമായാണ് പാര്‍ട്ടിയുടെ
മുന്‍നിര നേതാക്കള്‍ യോഗം ചേര്‍ന്നത്. മുഖ്യമന്ത്രിയുടെ മരണത്തെ തുടര്‍ന്ന് നിലവില്‍ സംസ്ഥാനത്ത് ഗവര്‍ണര്‍ ഭരണമാണ്.