മെഹ്‌ബൂബ മുഫ്‌തി അച്‌ഛന്റെ പിന്‍ഗാമിയാകും; കശ്‌മീരിന്റെ ആദ്യ വനിതാമുഖ്യമന്ത്രിയാകും

കശ്മീർ| JOYS JOY| Last Modified വ്യാഴം, 7 ജനുവരി 2016 (14:01 IST)
അച്‌ഛന്റെ പിന്‍ഗാമിയായി മെഹ്‌ബൂബ മുഫ്‌തി ജമ്മു കശ്‌മീര്‍ മുഖ്യമന്ത്രിയാകും. മുഫ്‌തി മുഹമ്മദ് സയിദ് അന്തരിച്ചതിനെ തുടര്‍ന്നാണ് മെഹ്‌ബൂബ മുഖ്യമന്ത്രിയാകുക. കശ്‌മീരിന്റെ ആദ്യ വനിത മുഖ്യമന്ത്രിയാകും ഇതോടെ മെഹ്‌ബൂബ. തിങ്കളാഴ്ച സത്യപ്രതിജ്ഞ ചടങ്ങ് നടന്നേക്കുമെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്കുന്ന സൂചന. നിലവിൽ അനന്ത്നാഗ് മണ്ഡലത്തിൽ നിന്നുള്ള എം പിയാണ് മെഹ്‌ബൂബ.
 
ഡിസംബര്‍ 24ന് ആയിരുന്നു രോഗബാധിതനായതിനെ തുടര്‍ന്ന് മുഫ്‌തി മുഹമ്മദ് സയീദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹം ആശുപത്രിയിലായിരുന്ന സമയത്ത് തന്നെ ഇതു സംബന്ധിച്ച് സമവായത്തില്‍ ബി ജെ പിയും പി ഡി പിയും തമ്മില്‍ സമവായത്തിലെത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 
മെഹ്‌ബൂബയെ മുഖ്യമന്ത്രിയാക്കുന്നത് ആയിരിക്കും യുക്തിപരമായി നല്ലതെന്നാണ് ബി ജെ പിയുടെ നിലപാടും.
 
മുഖ്യമന്ത്രി മെഹ്‌ബൂബ തന്നെയാകുമെങ്കിലും മന്ത്രിസ്ഥാനങ്ങളില്‍ ചില മാറ്റങ്ങള്‍ വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ നവംബറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മെഹ്‌ബൂബ ആയിരിക്കും അടുത്ത മുഖ്യമന്ത്രിയെന്ന് മുഫ്‌തി മുഹമ്മദ് സയീദ് പറഞ്ഞിരുന്നു. താന്‍ ഓഫീസില്‍ മാത്രമാണ് ഇരിക്കുന്നതെന്നും എന്നാല്‍ മെഹ്‌ബൂബയ്ക്ക് ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
 
മെഹ്‌ബൂബ മുഫ്‌തി
 
കശ്‌മീര്‍ സര്‍വ്വകലാശാലയില്‍ നിന്ന് നിയമബിരുദം പൂര്‍ത്തിയാക്കിയ ശേഷം 1980കളുടെ അവസാനം വരെ മെഹ്‌ബൂബ രാഷ്‌ട്രീയത്തില്‍ സജീവമല്ലായിരുന്നു. എന്നാല്‍, പിന്നീട് വിവാഹമോചനം നേടിയ അവര്‍ പിതാവിനൊപ്പം രാഷ്‌ട്രീയത്തില്‍ സജീവമാകുകയായിരുന്നു. ഇല്‍ടിജ, ഇര്‍തിഖ എന്ന രണ്ടു പെണ്‍മക്കളുണ്ട് മെഹ്‌ബൂബയ്ക്ക്.
 
1996ല്‍ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ടിക്കറ്റില്‍ മത്സരിച്ച അവര്‍ ബിജ്‌ബേഹറ മണ്ഡലത്തില്‍ നിന്ന് വിജയിച്ചു. 1987ല്‍ കോണ്‍ഗ്രസ് വിട്ട പിതാവ് മുഫ്‌തി മുഹമ്മദ് ആ സമയത്ത് കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തിയിരുന്നു.   
 
1999ല്‍ പിതാവ്, മുഫ്‌തി മുഹമ്മദ് സയീദ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി ഡി പി) രൂപീകരിച്ചതോടെ മെഹ്‌ബൂബയും പിതാവിനൊപ്പം പി ഡി പിയിലെത്തി. ആദ്യം, പി ഡി പി ഉപാധ്യക്ഷയായിരുന്ന അവര്‍ പിന്നീട് അധ്യക്ഷയായി. അന്തരിച്ച മുഫ്‌തി മുഹമ്മദ് സയിദിന്റെ പുത്രി. പി ഡി പി അധ്യക്ഷയായ മെഹ്‌ബൂബ അനന്ത്‌നാഗ് മണ്ഡലത്തില്‍ നിന്നുള്ള എം പിയാണ്. 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :