സോണിയയും രാഹുലും തമ്മില്‍ അഭിപ്രായ വ്യത്യാസമില്ല, ജനറേഷന്‍ ഗ്യാപ്പുണ്ട്: ദിഗ്‌വിജയ് സിംഗ്

ന്യൂഡല്‍ഹി| vishnu| Last Modified വ്യാഴം, 26 ഫെബ്രുവരി 2015 (19:10 IST)
സോണിയ ഗാന്ധിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലാണ് രാഹുല്‍ ഗാന്ധി പാര്‍ട്ടിയില്‍ നിന്നും അവധിയെടുത്തതെന്ന റിപ്പോര്‍ട്ടുകള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ദിഗ്വിജയ് സിംഗ് തള്ളിക്കളഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മകനും കോണ്‍ഗ്രസ് ഉപാധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയും നല്ല ബന്ധത്തില്‍ തന്നെയാണെന്ന് പറഞ്ഞ സിംഗ് ഇരുവരും തമ്മില്‍ നിലനില്‍ക്കുന്നത് ജനറേഷന്‍ ഗ്യാപ്പാണ് എന്നും കൂട്ടിച്ചേര്‍ത്തു.

തലമുറകള്‍ക്കിടയിലെ വ്യത്യാസം ഇരുവര്‍ക്കുമിടയില്‍ സ്വാഭാവികമായ ചില അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് കാരണമാകാറുണ്ടെങ്കിലും അത് സ്വാഭാവികമാണെന്നാണ് അദ്ദേഹം പറയുന്നത്. ജനാധിപത്യ രീതിയില്‍ ചിന്തിക്കുന്ന നേതാവാണ് സോണിയ. മുതിര്‍ന്ന നേതാക്കളുമായി പാര്‍ട്ടി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുമുണ്ട്. അതുകൊണ്ടുതന്നെ സോണിയയെ സ്വാധീനിക്കാന്‍ അവര്‍ക്കു കഴിയുമെന്നും സിംഗ് പറഞ്ഞു.

അതിനാല്‍ തന്റെ ആശയങ്ങള്‍ നടപ്പാക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെയാണ് രാഹുല്‍ എതിര്‍പ്പുകള്‍ നേരിടുന്നതെന്നും അദേഹത്തിന്റെ ആശയങ്ങള്‍ നടപ്പായാല്‍ ഇപ്പോഴുള്ള തങ്ങളുടെ തിളക്കം നഷ്ടപ്പെടുമെന്ന് ഭയക്കുന്ന ചില നേതാക്കളാണ് ഇതിന് തുരങ്കം വയ്ക്കുന്നതെന്നും സിംഗ് ആരോപിച്ചു. അതിനിടെ, പാര്‍ട്ടിയില്‍ രാഹുല്‍ ഗാന്ധിക്ക് പൂര്‍ണമായ അധികാരം നല്‍കണമെന്ന ആവശ്യവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥ് രംഗത്തെത്തി. ഇപ്പോള്‍ പാര്‍ട്ടിയില്‍ രണ്ട് അധികാരമുഖങ്ങളുള്ളത് പോലെയാണെന്നും ഇത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ടെന്നും കമല്‍നാഥ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :