രാഹുല്‍ ഗാന്ധിയെ പ്രതികൂട്ടിലാക്കി ജയന്തി നടരാജന്റെ കത്ത്

രാഹുല്‍ ഗാന്ധി, ജയന്തി നടരാജന്‍, സോണിയ ഗാന്ധി
ന്യൂഡല്‍ഹി| vishnu| Last Modified വെള്ളി, 30 ജനുവരി 2015 (10:09 IST)
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രതികൂട്ടിലാക്കി മുന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍ എഴുതിയ കത്ത് പുറത്ത്. പരിസ്ഥിതി അനുമതികള്‍ക്കായി രാഹുല്‍ വഴിവിട്ട ഇടപെടല്‍ നടത്തിയെന്നും കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി തന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും വ്യക്തമാക്കുന്ന കത്താണ് പുറത്തായിരിക്കുന്നത്. ജയന്തി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരാന്‍ പോകുന്നു എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കത്ത് പുറത്ത് വന്നിരിക്കുന്നത്.

ഇതിനു പിന്നാലെയാണ് മുന്‍ പരിസ്ഥിതി മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയന്തി നടരാജന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാത്തതു കൊണ്ട് തന്നെ മന്ത്രി സ്ഥാനത്തു നിന്ന് നീക്കിയെന്നും ജയന്തി കത്തില്‍ ആരോപിക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കഴിഞ്ഞ നവംബറില്‍ അയച്ച കത്തിന്റെ ഉള്ളടക്കമാണിത്. ചില ദേശീയ മാധ്യമങ്ങളാണ് കത്ത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഒഡീഷയില്‍ നിയംഗിരി കുന്നുകളിലെ ബോക്സൈറ്റ് ഖനനത്തിന് വേദാന്ത കമ്പനിക്ക് അനുമതി നിഷേധിച്ചത് രാഹുല്‍ ഗാന്ധിയുടെ ആവശ്യപ്രകാരമാണ്. താന്‍ രാജി വച്ചതിനു ശേഷം രാഹുല്‍ ഗാന്ധിയുടെ ഓഫിസില്‍ നിന്ന് തനിക്കെതിരെ വാര്‍ത്തകള്‍ ചമച്ചു. തന്റെ രാജി എന്തിനെന്ന് പാര്‍ട്ടി വിശദീകരണം നല്‍കിയില്ല. കഴിഞ്ഞ 11 മാസമായി താന്‍ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുകയാണ്. നിരന്തരം ആക്രമിക്കപ്പെടുകയാണ്. മാധ്യമങ്ങളില്‍ അപമാനിതയായി. 2013 ഡിസംബര്‍ 20 മുതല്‍ ഇന്നുവരെ താന്‍ എന്തുകൊണ്ട് രാജിവച്ചു എന്ന് പാര്‍ട്ടിയോ നേതൃത്വമോ അന്വേഷിച്ചില്ല. തനിക്ക് അതു വിശദീകരിക്കാനുള്ള അവസരവും തന്നില്ല - ജയന്തി കത്തില്‍ പറയുന്നു.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തത്തിനാണ് തന്നെ മന്ത്രി സ്ഥാത്തു നിന്ന് മാറ്റിയതെന്നാണ് പ്രചരിപ്പിച്ചത്. ഇതില്‍ വിയോജിപ്പ് അറിയിച്ചാണ് സോണിയ ഗാന്ധിക്കു ജയന്തി കത്ത് അയച്ചത്.
ജയറാം രമേശ് കൈകാര്യം ചെയ്തിരുന്ന വം പരിസ്ഥിതി വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയായി ജയന്തി ടരാജന്‍ 2011 ജൂലൈ 12നാണ് ചുമതലയേറ്റത്.

അതേസമയം, ജയന്തി നടരാജന്‍ സോണിയയ്ക്കയച്ച കത്തില്‍ കേരളത്തിലെ മാധ്യമ വാര്‍ത്തകളും പരാമര്‍ശിക്കുന്നുണ്ട്. തനിക്ക് മന്ത്രിസ്ഥാനം നഷ്ടമായതു സംബന്ധിച്ച് കേരളത്തില്‍ വന്ന വാര്‍ത്തകളെ പറ്റിയാണ് പരാമര്‍ശം. പശ്ചിമഘട്ട സംരക്ഷണത്തിനായി വിജ്ഞാപനമിറക്കിയതാണ് തന്നെ പുറത്താക്കാന്‍ കാരണമെന്ന് വാര്‍ത്ത വന്നു. പരിസ്ഥിതി സംരക്ഷണത്തിനും കോടതി നിര്‍ദേശ പ്രകാരവുമാണ് വിജ്ഞാപനമിറക്കിയെന്നും കത്തില്‍ പറയുന്നു.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും l ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :