ന്യൂഡല്‍ഹി|
vishnu|
Last Updated:
ബുധന്‍, 14 ജനുവരി 2015 (09:22 IST)
രാജ്യത്ത് പുകവലി നിയന്ത്രണം കര്‍ശനമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. പൊതു സ്ഥലത്ത് പുകവലി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പുകവലിക്കരില്‍ നിന്ന് ആയിരം രൂപ പിഴ ഈടാക്കാനുള്ള സുപ്രധാന നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ നിയമ പരിഷ്കരണമാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
പൊതു ഇടങ്ങളിലെ പുകവലിക്ക് പിഴ 200 രൂപയില്‍ നിന്ന് 1000 രുപയാക്കുക, സിഗരറ്റിന്റെ ചില്ലറയായുള്ള വില്പന തടയുക, പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 18ല്‍ നിന്നും 21 ആക്കി ഉയര്‍ത്തുക ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും അനുവദിച്ചിട്ടുള്ള നിര്‍ദ്ദിഷ്ട പുകവലി മേഖല നിരോധിക്കുക തുടങ്ങിയ കര്‍ശന നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ കരടുബില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം തയ്യാറാക്കി കഴിഞ്ഞു.
പുകവലി നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തിയ വിദഗ്ദസമിതി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ ഭൂരിഭാഗവും അംഗീകരിച്ചുകൊണ്ടാണ് പുതിയ ബില്ലിനു രൂപം നല്‍കിയിരിക്കുന്നത്. പുകയില നിയന്ത്രണ നിയമങ്ങള്‍
ലംഘിക്കുന്നവര്‍ക്കുള്ള പിഴ പതിനായിരത്തില്‍ നിന്ന് ഒരു ലക്ഷം രൂപയായി ഉയര്‍ത്തണമെന്നായിരുന്നു സമിതിയുടെ നിര്‍ദ്ദേശം. നിര്‍ദ്ദേശങ്ങളില്‍ സര്‍ക്കാര്‍ പൊതുജനാഭിപ്രായം തേടും.
പുകയില ഉത്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായപരിധി ഉയര്‍ത്തണമെന്നും 2003ലെ പുകവലി നിയന്ത്രണ നിയമങ്ങള്‍
ലംഘിക്കുന്നവരില്‍ നിന്നു കനത്ത തുക പിഴ ഈടാക്കണമെന്നുമുള്‍പ്പെടെയുള്ള വിദഗ്ദ്ധസമിതി ശുപാര്‍ശകള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതായി
കേന്ദ്രആരോഗ്യമന്ത്രി ജെപി നദ്ദ രാജ്യസഭയുടെ ശീതസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.