ന്യൂഡല്‍ഹി|
vishnu|
Last Modified തിങ്കള്‍, 12 ജനുവരി 2015 (15:03 IST)
ആസൂത്രണ കമ്മീഷന്‍ ഉടച്ചു വാര്‍ത്തതിനു പിന്നാലെ മോഡി സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ നിയന്ത്രിക്കുന്ന യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷനും (യുജിസി) പൊളിച്ചടുക്കാന്‍ തയ്യാറെടുക്കുന്നു. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനുള്ള യഥാര്‍ഥ നിയന്ത്രണ സ്ഥാപനമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്ഥിരം കമ്മീഷന്‍ കൂടാതെ, അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍, കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ തുടങ്ങിയ വിദ്യാഭ്യാസ സമിതികളില്‍നിന്ന് അംഗങ്ങളെ ഉള്‍പ്പെടുത്തിയാകും പുതിയ സമിതി രൂപീകരിക്കുക.
കൂടാതെ ഇതില്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളുമുണ്ടാകുമെന്നാണ് സൂചന. പുതിയ സമിതിയ്ക്ക്
'ഉന്നത വിദ്യാഭ്യാസ ഗവേഷണ കമ്മീഷന്‍' എന്നാകും പേര് നല്‍കുക. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സര്‍വ്വകലാശാലകള്‍ക്ക് പുറമേ സ്വകാര്യ സര്‍വ്വകലാശാലകളെയും പുതിയ സംവിധാനത്തിനു കീഴില്‍ കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതോടെ രാജ്യത്തെ വ്യാജ സര്‍വ്വകലാശാലകള്‍ക്ക് കടിഞ്ഞാണിടാന്‍ സാധിക്കുമെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് കരുതുന്നത്. വ്യാജസര്‍വകലാശാലകളുടെ നടത്തിപ്പുകാര്‍ക്ക് ജയില്‍ ശിക്ഷയുള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ കൊണ്ടുവരും.
നരേന്ദ്രമോഡി സര്‍ക്കാര്‍ ജൂലായില്‍ നിയോഗിച്ച മൂന്നംഗസമിതിയാണ് യുജിസിയെ ഉടച്ചുവാര്‍ക്കാനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. സമിതിയുടെ റിപ്പോര്‍ട്ട് ഈ മാസം സമര്‍പ്പിക്കും. യുജിസികൂടെ ഇല്ലാതാകുന്നതോടെ നെഹ്‌റുവിയന്‍ കാലഘട്ടത്തിലെ ഒരു സംവിധാനം കൂടിയാണ് ഇല്ലാതാകുന്നത്. 1956-ലാണ് യു.ജി.സി. നിയമം നിലവില്‍ വന്നത്. അന്ന് രാജ്യത്ത് 20 സര്‍വകലാശാലകളും 500 കോളേജുകളും ഇവയിലാകെ 2.1 ലക്ഷം വിദ്യാര്‍ഥികളുമായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് സര്‍വകലാശാലകളുടെ എണ്ണം ഏതാണ്ട് 726 ആയി. ഇവയുടെ കീഴില്‍ 38,000 കോളേജുകളും 2.8 കോടി വിദ്യാര്‍ഥികളുമുണ്ട്. ഈ സാഹചര്യത്തിലാണ് യു.ജി.സി. ഉടച്ചുവാര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.