വരുന്നു ചെറുകിട ബാങ്കുകള്‍, അരക്കൈ നോക്കാന്‍ യൂസഫലിയും

മുംബൈ| VISHNU N L| Last Updated: വ്യാഴം, 20 ഓഗസ്റ്റ് 2015 (14:05 IST)
രാജ്യത്തെ ബാങ്കിംഗ് മേഖലയില്‍ സമൂലമായ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്നതിന്റെ ഭാഗമായി ചെറുകിട ബാങ്കുകള്‍ക്ക് കൂടി അനുമതി നല്‍കാന്‍ റിസര്‍വ് ബാങ്ക് ഒരുങ്ങുന്നു. വായ്പാ രഹിത പേയ്മെന്റ് ബാങ്കിംഗ് 11 കമ്പനികള്‍ക്ക് അനുവദിച്ചതിനു പിന്നാലെയാണ് പുതിയ തീരുമാനങ്ങള്‍ പുറത്തുവരുന്നത്. ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍ ആണ് പുതിയ നടപടി പ്രഖ്യാപിച്ചത്. സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ തുടങ്ങുന്നതിന് ലഭിച്ച 72 അപേക്ഷകളില്‍ അടുത്തമാസത്തോടെ തീരുമാനമെടുക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

ബാങ്കിംഗ് മേഖലയിലെ അടിസ്ഥാനപരമായ നടപടികളായ നിക്ഷേപം സ്വീകരിക്കല്‍, വായ്പ നല്‍കല്‍ തുടങ്ങിയ ചെറുകിട ബാങ്കുകള്‍ക്കും നടത്താം. നല്‍കുന്ന വായ്പയ്ക്കും സ്വീകരിക്കുന്ന നിക്ഷേപത്തിനും പരിധിയുണ്ടെന്നുമാത്രം. ബാങ്കിംഗ് സേവനം താഴേക്കിടയിലേക്കെത്തുന്നത് ചെറുകിട വായ്പാ മേഖലയില്‍ കിടമത്സരത്തിന് വഴിവയ്ക്കും. ഇത് വായ്പാ പലിശ കുറയ്ക്കാന്‍ മുഖ്യധാരാ ബാങ്കുകളെ പ്രേരിപ്പിക്കുമെന്നാണ് ആര്‍ബി‌ഐ കരുതുന്നത്.

കേരളത്തില്‍ നിന്ന് ഏഴ് കമ്പനികള്‍ ചെറുകിട ബാങ്കുകള്‍ക്കായി രംഗത്തുണ്ട്. കൊശമറ്റം ഫിനാന്‍സ് ലിമിറ്റഡ്, ലുലു ഫോറെക്‌സ് ലിമിറ്റഡ്, ഇസാപ് മൈക്രോ ഫിനാന്‍സ്, ബിആര്‍ഡി സെക്യുരിറ്റീസ്, കേരള പെര്‍മെനന്റ് ഫണ്ട് ലിമിറ്റഡ് എന്നീ കമ്പനികള്‍ ഉള്‍പ്പടെ ഏഴ് അപേക്ഷകളാണ് കേരളത്തില്‍നിന്ന് ആര്‍ബിഐയ്ക്ക് ലഭിച്ചിട്ടുള്ളത്.

കഴിഞ്ഞദിവസമാണ് 11 പെയ്‌മെന്റ് ബാങ്കുകള്‍ക്ക് ആര്‍ബിഐ അനുമതി നല്‍കിയത്. ഇടപാടുകാരില്‍ നിന്നും ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപമാണ് പേയ്‌മെന്റ് ബാങ്കുകള്‍ക്ക് സ്വീകരിക്കാനാകുക. കറന്റ് അക്കൗണ്ട്, സേവിങ്‌സ് അക്കൗണ്ട് എന്നിവയും തുറക്കാം. എ.ടി.എം.ഡെബിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യങ്ങളും ഉപഭോക്താക്കള്‍ക്ക് നല്‍കും. എന്നാല്‍, വായ്പ നല്‍കാനോ ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യാനോ കഴിയില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :