തിരുവനന്തപുരം|
VISHNU N L|
Last Modified വ്യാഴം, 20 ഓഗസ്റ്റ് 2015 (13:01 IST)
ആവശ്യത്തിനു പൊലീസുകാരില്ലാതെ സംസ്ഥാനത്തെ പല യൂണിറ്റുകളും പ്രതിസന്ധിയിലായിരിക്കെ ആയിരത്തോളം പൊലീസുകാര്‍ ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടുജോലിക്കാരായി കാലം കഴിക്കുന്നു. വിരമിച്ച ഐപിഎസുകാർ പോലും മൂന്നും നാലും പൊലീസുകാരെ ഇപ്പോഴും സ്വന്തം ആവശ്യത്തിനായി അനധികൃതമായി ഒപ്പംനിർത്തിയിട്ടുണ്ട് എന്നാണ് പുറത്ത്‌വരുന്ന വാര്‍ത്തകള്‍. തിരുവനന്തപുരം നഗരത്തില്‍ മാത്രം അറുനൂറിലേറെപ്പേര്‍ ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടുജോലിക്കാരയി നില്‍ക്കുന്നു എന്നാണ് കണക്കുകള്‍.
ഒരു ഉദ്യോഗസ്ഥൻ പരമാവധി രണ്ടു പൊലീസുകാരെ മാത്രമേ ഒപ്പം ജോലിചെയ്യിക്കാവൂ എന്നാണു നിലവിലെ ഉത്തരവ്. എന്നാല്‍ നിലവില്‍ സംഭവിക്കുന്നത് നേരെ തിരിച്ചാണ്. രണ്ടു ഡ്രൈവർമാർ, വീട്ടു കാവലിനു മൂന്നു–നാലു പേർ, പഴ്സനൽ സെക്യൂരിറ്റി എന്ന പേരിൽ വേറെയും. ഇത്തരത്തില്‍ ആറുമുതല്‍ പത്ത് പേര്‍ വരെ നക്ഷത്രത്തിന്റ്റ്റെ എണ്ണവും അധികാരത്തിന്റെ വലിപ്പവും കൂടുന്നതനുസരിച്ച് കൂടും.
വിരമിച്ചവർ ആറു മാസത്തിനകം ഒപ്പമുള്ള പൊലീസുകാരെ മടക്കണമെന്ന നിയമം ഉള്ളപ്പോൾ ഭൂരിപക്ഷം പേരും അതിനു തയാറായിട്ടില്ല.
ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളിലും മറ്റു ജോലികളിലും ഏർപ്പെട്ടിരിക്കുന്ന പൊലീസുകാരെ അതാത് യൂണിറ്റുകളിലേക്ക് തിരികെ അയയ്ക്കണമെന്ന ഡിജിപിമാരുടെ ആവർത്തിച്ചുള്ള സർക്കുലറുകൾ തള്ളിക്കളഞ്ഞാണു പലരും വീട്ടുകാവലിനും മറ്റു ജോലിക്കുമായി പൊലീസുകാരെ നിയോഗിച്ചിരിക്കുന്നത്. ഐപിഎസുകാരോടൊപ്പം നിന്നാൽ ഗുഡ് സർവീസ് എൻട്രിയും മെഡലുമെല്ലാം യഥേഷ്ടം ലഭിക്കുമെന്നതിനാൽ ആരും മാതൃ യൂണിറ്റിലേക്കു മടങ്ങുന്നുമില്ല.
ചുരുക്കത്തിൽ ക്രമസമാധാന പരിപാലനത്തിനും കേസ് അന്വേഷണത്തിനും മാത്രം ആളില്ല. പ്രിസൺ എസ്കോർട്ട്, ഗാർഡ് ഡ്യൂട്ടി, സെക്രട്ടേറിയറ്റ് സുരക്ഷ, സിറ്റി സ്ട്രൈക്കർ ഫോഴ്സ് എന്നിവയ്ക്കെല്ലാം ഡ്യൂട്ടി നോക്കേണ്ടത് എആർ ക്യാംപിലെ പൊലീസുകാരാണ്. അവിടെയും മതിയായ ആളില്ല. 1993നു ശേഷം പൊലീസ് സ്റ്റേഷനുകളിലെ അംഗസംഖ്യ സർക്കാർ വധിപ്പിച്ചുനൽകിയിട്ടില്ല. ഉള്ളവരെ ഇത്തരത്തിൽ വീതിച്ചെടുക്കുകകൂടി ചെയ്യുന്നത് പൊലീസ് സേനയുടെ ക്രിയാശേഷിയേന്‍ കാര്യമായി തന്നെ ബാധിക്കുന്നുണ്ട്.