ബാങ്കിംഗ് വിപ്ലവത്തിനു തുടക്കമിട്ട് പേയ്‌മെന്റ് ബാങ്കുകള്‍ക്ക് അനുമതിയായി

ന്യൂഡല്‍ഹി| VISHNU N L| Last Updated: വ്യാഴം, 20 ഓഗസ്റ്റ് 2015 (13:40 IST)
ബാങ്കിംഗ് മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട് വായ്പ് രഹിത പേയ്‌മെന്റ് ബാങ്കുകള്‍ തുടങ്ങാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കി. ആദ്യഘട്ടത്തില്‍ 11 സ്ഥാപനങ്ങള്‍ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. തപാല്‍ വകുപ്പ്, മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡ്‌സട്രീസ്, കുമാര്‍ മംഗലം ബിര്‍ളയുടെ നുവോ, ടെലികോം കമ്പനികളായ ഭാരതി എയര്‍ടെലിന്റെ എം. കൊമേഴ്‌സ്, വൊഡാഫോണ്‍ എംപെസ, ചോളമണ്ഡലം, ഡിസ്ട്രിബ്യൂഷന്‍ സര്‍വീസസ്, ഫിനോ പെടെക്, നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ്, ദിലീപ് സാങ്‌വി (സണ്‍ ഫാര്‍മ), വിജയ് ശേഖര്‍ ശര്‍മ ( പേയ്ടിഎം), ടെക് മഹീന്ദ്ര എന്നിവയടക്കമുള്ള 11 കമ്പനികള്‍ക്കാണ് അനുമതി.

പേയ്‌മെന്റ് ബാങ്ക് ലൈസന്‍സ് ലഭിക്കുന്ന കമ്പനികള്‍ക്ക് ഇടപാടുകാരില്‍ നിന്ന് സേവിംഗ്, കറന്റ് അക്കൗണ്ട് നിക്ഷേപം സ്വീകരിക്കുന്നതിനും (തുടക്കത്തില്‍ ഒരു ലക്ഷ രൂപ വരെ) ഇന്റര്‍നെറ്റ് ബാങ്കിംഗ്, മണി ട്രാന്‍സ്ഫര്‍, സൗകര്യം, ഇന്‍ഷുറന്‍സ് പോളിസി, മ്യൂച്വല്‍ ഫണ്ടുകളുടെ വില്‍പ്പന എന്നിവയ്ക്കും അനുമതിയുണ്ടാകും. ഇടപാടുകാര്‍ക്ക് എ.ടി.എം/ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കാനും അധികാരമുണ്ട്.

എന്നാല്‍ വായ്പ നല്‍കാനോ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കാനോ അനുമതി ഉണ്ടാവുകയില്ല. ലൈസന്‍സ് ലഭിച്ചു എങ്കിലും ഇത് താല്‍ക്കാലികമാണ്. 18 മാസത്തേക്കുള്ള തത്വത്തിലുള്ള് അനുമതിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഈ കാലയളവില്‍ റിസര്‍വ് ബാങ്കില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്ന സ്ഥാപനങ്ങള്‍ അന്തിമ അനുമതിയും ലൈസന്‍സും നല്‍കും. ആര്‍ബിഐയ്ക്ക് ലഭിച്ച 41 അപേക്ഷകളില്‍ നിന്നാണ് 11 കമ്പനികളെ തെരഞ്ഞെടുത്തത്. ഈ ബാങ്കുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയശേഷമായിരിക്കും മുറ്റു കമ്പനികളെയും പരിഗണിക്കുക.

ബാങ്കിംഗ് സേവനം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യമാണ് പേയ്മെന്റ് ബാങ്ക് എന്ന ഉദ്ദേശത്തിനു പിന്നില്‍. വിവിധ മേഖലകളിലെ സേവനം പരിഗണിച്ചാണ് ആര്‍.ബി.ഐ പ്രത്യേക സമിതി പേയ്‌മെന്റ് ബാങ്കുകള്‍ക്കായി 11 കമ്പനികളെ തെരഞ്ഞെടുത്ത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :