പിഎസ്എല്‍വി റോക്കറ്റ് പരാജയത്തിന് പിന്നില്‍ ഐഎസ്ആര്‍ഒയിലെ ഉന്നത ശാസ്ത്രജ്ഞനെന്ന് സംശയം
തിരുവനന്തപുരം: ഏറ്റവും വിശ്വസനീയവും കാര്യക്ഷമവുമായ പി.എസ്.എല്‍.വി. (PSLV) റോക്കറ്റിന്റെ തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് പിന്നില്‍ ഐ.എസ്.ആര്‍.ഒ.യിലെ (ISRO) മലയാളിയല്ലാത്ത ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനാണെന്നാണ് സൂചനകള്‍. ഇതിന് പിന്നില്‍ സാമ്പത്തിക താല്‍പ്പര്യമാണോ അതോ അട്ടിമറിയാണോ എന്ന് കേന്ദ്രസര്‍ക്കാര്‍ അന്വേഷിച്ചുവരികയാണ്. ഐഎസ്ആര്‍ഒയ്ക്ക് വിക്ഷേപണാനുമതി നിഷേധിച്ചെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണിത്.
കഴിഞ്ഞ വര്‍ഷം മെയ് 18-ന് നടന്ന പിഎസ്എല്‍വി സി-61 (PSLV C-61) വിക്ഷേപണ പരാജയത്തിന്റെ കാരണങ്ങള്‍ വസ്തുതാന്വേഷണ സമിതി കണ്ടെത്തിയിരുന്നു. പ്രശ്‌നം പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങളും അവര്‍ മുന്നോട്ടുവെച്ചു. എന്നാല്‍ കേരളത്തിന്റെ അയല്‍ സംസ്ഥാനത്തുനിന്നുള്ള ഈ ശാസ്ത്രജ്ഞന്‍ സമിതിയുടെ നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തിയതായി അറിയാന്‍ കഴിയുന്നു. ഇതേത്തുടര്‍ന്ന് ഈ വര്‍ഷം ജനുവരിയില്‍ നടത്തിയ ദൗത്യവും പരാജയപ്പെട്ടു. ബഹിരാകാശ മേഖലയിലേക്ക് സ്വകാര്യ കമ്പനികള്‍ കടന്നുവന്നതോടെ വന്‍കിട വ്യവസായ ഗ്രൂപ്പുകളും ഈ രംഗത്തേക്ക് പ്രവേശിക്കുകയാണ്.
വിദേശ നിക്ഷേപകരുടെ പിന്തുണയോടെ ഉപഗ്രഹ വിക്ഷേപണ-നിര്‍മ്മാണ മേഖലകളില്‍ പല കമ്പനികളും വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സ്വകാര്യ നിക്ഷേപകര്‍ 871 ദശലക്ഷം ഡോളര്‍ (8281.63 കോടി രൂപ) സമാഹരിച്ചിട്ടുണ്ട്. ഐഎസ്ആര്‍ഒയില്‍ നിന്ന് കൂട്ടത്തോടെ രാജിവെച്ച വിദഗ്ധര്‍ ഇത്തരം കമ്പനികളില്‍ ചേര്‍ന്നിട്ടുണ്ട്. ഇതിലൂടെ രാജ്യം വികസിപ്പിച്ചെടുത്ത സുപ്രധാന വിവരങ്ങളും സൗകര്യങ്ങളും സ്വന്തമാക്കാന്‍ ഈ സ്വകാര്യ കമ്പനികള്‍ക്ക് സാധിച്ചു. ഐഎസ്ആര്‍ഒയെ ദുര്‍ബലപ്പെടുത്താനുള്ള നീക്കത്തിന് പിന്നില്‍ ഏതെങ്കിലും വിദേശ ശക്തികളുടെ പങ്കുണ്ടോ എന്നും കേന്ദ്രം പരിശോധിക്കുന്നുണ്ട്.