അഭിറാം മനോഹർ|
Last Modified തിങ്കള്‍, 2 ഓഗസ്റ്റ് 2021 (18:42 IST)
ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാനായി രാജ്യം വിട്ട ആയിഷയെയും കൊച്ചുമകളെയും തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് സുപ്രീംകോടതിയെ സമീപിച്ചു. അഫ്‌ഗാനിസ്ഥാനിൽ തടവിൽ കഴിയുന്ന ആയിഷ എന്ന സോണിയ സെബാസ്റ്റ്യനെ നാട്ടിലെത്തിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഐഎസിൽ ചേർന്ന ഭർത്താവിനോടൊപ്പമായിരുന്നു ആയിഷ രാജ്യം വിട്ടത്.
അഫ്ഗാനിസ്ഥാനിൽ വെച്ച് ഭർത്താവ് കൊല്ലപ്പെട്ടതോടെ ആയിഷയും കുഞ്ഞുമടക്കം കേരളത്തിൽ നിന്ന് പോയ സ്ത്രീകളെല്ലാം ജയിലിലാണ്. അമേരിക്കൻ സൈന്യം കൂടി അഫ്‌ഗാനിസ്ഥാനിൽ നിന്നും പിൻമാറിയതോടെയാണ് രാജ്യം ഇടപെടണം എന്ന് ആവശ്യപ്പെട്ട് സെബാസ്റ്റ്യൻ സേവ്യർ ഹർജി നൽകിയിരിക്കുന്നത്.
എൻഐഎയുടെ യുഎപിഎ കേസിൽ പ്രതിയാണ് ആയിഷ.
2016 ൽ അഫ്ഗാനിസ്ഥാനുമായി കുറ്റവാളികളെ കൈമാറാനുള്ള കരാറിൽ ഇന്ത്യ ഒപ്പുവെച്ചിട്ടുള്ളതിനാൽ ഇരുവരെയും തിരിച്ചെത്തിക്കാൻ കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകണമെന്നാണ് ഹർജിയിൽ സെബാസ്റ്റ്യൻ സേവ്യർ ആവശ്യപ്പെട്ടിരിക്കുന്നത്. 2011 മെയ് മാസത്തിലാണ് സോണിയ സെബാസ്റ്റ്യൻ ഭർത്താവായ അബ്ദുൾ റഷീദിനൊപ്പം പോയത്. 2013 ഒക്ടോബർ 26 നായിരുന്നു മകൾ സാറയുടെ ജനനം. 2016ലാണ് ഇവരെല്ലാം ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാനായി രാജ്യം വിട്ടത്.