ന്യുഡല്‍ഹി|
VISHNU N L|
Last Modified തിങ്കള്‍, 31 ഓഗസ്റ്റ് 2015 (14:46 IST)
ഉപവവാസം അനുഷ്ഠിച്ച് മരണം വരിക്കുന്ന (സന്താര) ജൈന മതാചാരം കുറ്റകൃത്യമായി വിധിച്ച് രാജസ്ഥാന്‍ ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ആചാരത്തെ എതിർത്തതെന്തിനെന്ന് നാലാഴ്ചയ്ക്കുള്ളിൽ വ്യക്തമാക്കണമെന്ന് രാജസ്ഥാൻ ഗവൺമെന്റിന് നിർദ്ദേശവും നൽകി.
ആത്മഹത്യയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് അടുത്ത കാലത്ത് രാജസ്ഥാന്‍ ഹൈക്കോടതി സന്താരയെ കുറ്റകൃത്യമായി കണക്കാക്കിയത്.
ഇന്ത്യന്‍ ശിക്ഷാനിയമം 306, 309 വകുപ്പുകള്‍ പ്രകാരം കുറ്റകൃത്യമാണെന്നും ഹൈക്കോടതി വിധിച്ചിരുന്നു. ഇത്തരം ആചാരം ജൈനമതത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ അല്ലെന്നും ഇതിനെ കരുണാര്‍ദ്രമായി കാണാനാവില്ലെന്നും കോടതി വിലയിരുത്തി. അടിസ്ഥാന മനുഷ്യാവകാശത്തിന്റെ ലംഘനമാണിതെന്നുമായിരുന്നു കോടതിയുടെ ഉത്തരവ്.
2006ല്‍ സമര്‍പ്പിച്ച ഒരു പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കൊടതി വിധി. ദയാവധം അനുവദിക്കാത്ത രാജ്യത്ത്, സതി നിരോധിക്കുകയും ആത്മഹത്യ നിയമവിരുദ്ധവുമായി കണക്കാക്കുന്ന നാട്ടില്‍
സന്താര അനുഷ്ഘിക്കുന്നത് കുറ്റകൃത്യമായി പ്രഖ്യാപിക്കണമെന്നായിരുന്നു ഹര്‍ജി. വെള്ളവും ഭക്ഷണവും നല്‍കാതെ മരിക്കാനനുവദിക്കുന്നത് ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹൈക്കോടതി നടപടികളോട് അനുകൂലമായിരുന്നു രാജസ്ഥാന്‍ സര്‍ക്കാര്‍.
ഇതിനെതിരെ അഖില ഭാരത് വാർഷിയ ദിഗംബർ ജൈൻ പരിഷത്ത് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ന്താര ആത്മീയ ആചാരമാണെന്നും അനാദികാലം മുതല്‍ തുടര്‍ന്നുവരുന്ന ഈ അനുഷ്ഠാനത്തില്‍ കോടതി ഇടപെടരുതെന്നുമായിരുന്നു സമുദായത്തിന്റെ വാദം. ഇത് കോടതി അംഗീകരിച്ചു.
മതാചാരത്തിന് സുപ്രീം കോടതി അനുമതി നൽകി.
ഇന്ത്യൻ ആചാരങ്ങളുടെ വിജയമാണിതെന്ന് സംഘടനാ പ്രതിനിധി പ്രതികരിച്ചു. കർമ്മങ്ങളിൽനിന്ന് മോചിതരാകാനുള്ളതാണ് ആചാരമെന്നും ആത്മഹത്യയാണ് ലക്ഷ്യമെന്ന വാദം തെറ്റാണെന്നും അപ്പീലിൽ പറഞ്ഞിരുന്നു. രാജ്യത്ത് വര്‍ഷംതോറും ശരാശരി 24 ജൈനവിശ്വാസികള്‍ 'സന്താര' അനുഷ്ഠിച്ച് മരണംവരിക്കാറുണ്ടെന്നാണ് കണക്ക്.